
തൃശൂർ: ഘടകകക്ഷികളിൽ ഭിന്നത ഉടലെടുത്തതോടെ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകളിൽ എൽ.ഡി.എഫ് സീറ്റ് വിഭജനം അനിശ്ചിതത്വത്തിൽ. ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായി. സി.പി.ഐ അടക്കമുള്ള കക്ഷികൾ കൂടുതൽ സീറ്റ് ചോദിച്ച് രംഗത്തെത്തിയതോടെയാണ് പ്രഖ്യാപനം വൈകുന്നത്. തർക്കം പരിഹരിച്ച് ഇന്ന് പ്രഖ്യാപനം നടത്താനാകുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്ക്. ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിലും തീരുമാനമാകാതെ പിരിഞ്ഞു. വാർഡ് പുനഃസംഘടന വന്നതോടെ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് അനുവദിച്ച സീറ്റുകളും വർദ്ധിപ്പിക്കണമെന്നതാണ് സി.പി.ഐ അടക്കമുള്ളവരുടെ ആവശ്യം.
തർക്കം രൂക്ഷം
56 ഡിവിഷനുകളിൽ ഒമ്പത് സീറ്റുകൾ തങ്ങൾക്ക് വേണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചതും കാലങ്ങളായി സി.പി.ഐ വിജയിച്ചുവരുന്ന കൃഷ്ണാപുരം സീറ്റിൽ ജനതാദൾ (എസ്) അവകാശവാദം ഉന്നയിച്ചതുമാണ് തർക്ക വിഷയം. നേരത്തെ സി.പി.ഐക്ക് ഒമ്പത് സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തവണ കേരള കോൺഗ്രസ് എൽ.ഡി.എഫിന്റെ ഭാഗമായതോടെ തൈക്കാട്ടുശേരി സീറ്റ് സി.പി.ഐയിൽ നിന്ന് ഏറ്റെടുത്തു. ഈ സീറ്റ് തിരികെ നൽകണമെന്നാണ് സി.പി.ഐയുടെ ആവശ്യം. നിലവിലെ കൃഷ്ണാപുരം ഡിവിഷനിൽ പുനഃസംഘടന വന്നപ്പോൾ നിലവിലുള്ള 40 ശതമാനം വോട്ട് മാത്രമെ ഉള്ളൂവെന്നാണ് ജനതാദൾ ഉന്നയിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ 50 ശതമാനത്തിലേറെ വോട്ട് നിലനിൽക്കുവെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് കൃഷ്ണാപുരം പേരുമാറ്റാതെ നിലനിറുത്തിയതെന്നും സി.പി.ഐ വാദിക്കുന്നു.
ജില്ലാ പഞ്ചായത്തിലും ഭിന്നത
ജില്ലാ പഞ്ചായത്തിലും സീറ്റ് ധാരണ പൂർത്തിയാക്കാൻ എൽ.ഡി.എഫിനായിട്ടില്ല. നിലവിൽ 29 ഡിവിഷൻ ഉണ്ടായിരുന്നത് 30 ആയി. വെള്ളാങ്കല്ലൂർ ഡിവിഷനാണ് പുതുതായി രൂപീകരിച്ചത്. ഇതിലും സി.പി.ഐ അവകാശവാദം ഉന്നയിച്ചു. ഏതാനും നഗരസഭകളിലും തർക്കം നിലനിൽക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |