
കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാതെ വന്നതോടെ രാമങ്കരി പഞ്ചായത്തിൽ സി.പി.എം- സി.പി.ഐ പോര് തുറന്ന യുദ്ധത്തിലേക്ക്. കഴിഞ്ഞ ഒന്നരവർഷം മാറ്റി നിർത്തിയാൽ 25 വർഷത്തിലധികമായി സി.പി.എമ്മിന്റെ കുത്തകയായിരുന്ന പഞ്ചായത്ത് ഇത്തവണ എങ്ങോട്ട് വേണമെങ്കിലും ചായാമെന്ന അഭ്യൂഹം ഇതോടെ ശക്തമായി.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാവാർഡിലും സ്ഥാനാർത്ഥികളെ നിർത്താൻ തയ്യാറായി ബി.ജെപിയും സജീവമായതോടെ, എൽ.ഡി.എഫിനും യു.ഡി.എഫിനും ഈ തിരഞ്ഞെടുപ്പ് കനത്ത വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന രാമങ്കരി എൽ.സി സമ്മേളനത്തിൽ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുകയും, അന്നത്തെ പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ ഉൾപ്പെടെ ഒരു വിഭാഗം സി.പി.ഐയിൽ ചേരുകയും ചെയ്തതോടെ വീണ്ടും രാമങ്കരിയിൽ പോര് മൂർച്ഛിക്കുകയായിരുന്നു.
എന്നാൽ, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജേന്ദ്രകുമാറിനെ ഒഴിവാക്കാൻ
സി.പി.എമ്മിന് ഒറ്റയ്ക്ക് സാധിക്കാതെ വന്നതോടെ പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ച് അവിശ്വാസം കൊണ്ടുവരുകയും ലക്ഷ്യം സാധിച്ചെടുക്കുകയുമായിരുന്നു.
ഗോദയിൽ തീപാറും
പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെമ്പർ സ്ഥാനവും രാജേന്ദ്രകുമാർ രാജിവച്ചതോടെ 12ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും അതിലും സി.പി.എം ജയിച്ചുകയറിയതോടെ വിഭാഗീയതയുടെ പേരിൽ പാർട്ടി വിട്ട് സി. പി.ഐയിൽ ചേർന്നവരെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. എന്തായാലും രാമങ്കരി പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തീ പാറുമെന്ന് ഉറപ്പാണ്.
എൽ.എഡി.എഫിലെ മറ്റു കക്ഷികളുമായുള്ള ചർച്ച പൂർത്തിയായതോടെ ആകെയുള്ള 14 സീറ്റിൽ 9 ഇടത്ത് സി.പി.എം മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്. യു.ഡി.എഫിലും ഏറെക്കുറെ ചർച്ച പൂർത്തിയായി. കോൺഗ്രസ് 11ഇടത്താകും മത്സരിക്കുക.
കക്ഷിനില
ആകെ വാർഡ്: 14.
ആകെവനിത:8
(വനിത- 6, എസ്.സി -1, എസ്.സി ജനറൽ- 1)
ജനറൽ: 6
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |