
പത്തനംതിട്ട : ശിശുദിനറാലിയും പൊതുസമ്മേളനവും നടത്താൻ നാട്ടുകാരിൽ നിന്ന് പണപ്പിരിവുമായി സർക്കാർ സംഘടനയായ ശിശുക്ഷേമ സമിതി. പത്തനംതിട്ട നഗരത്തിൽ നാളെ നടക്കുന്ന റാലിക്കാണ് പണം ചോദിക്കുന്നത്. ആളുംതരവും നോക്കി ചെറുതും വലുതുമായ തുക വാങ്ങി ശിശുക്ഷേമ സമിതിയുടെ രസീതും നൽകിയാണ് പിരിവ്.
പത്തനംതിട്ട നഗരത്തിൽ കളക്ടറേറ്റ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയും അവിടെ നിന്ന് മാർത്താേമ സ്കൂൾ വരെയുമാണ് ശിശുദിന ഘോഷയാത്ര. കുട്ടികൾക്ക് ചായയും ബിസ്ക്കറ്റും വെള്ളവും നൽകാനാണ് നാട്ടുകാരിൽ നിന്ന് പണം കണ്ടെത്തുന്നത്. സർക്കാർ നടത്തേണ്ടുന്ന പരിപാടിക്ക് പണം പിരിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ഭരണകക്ഷി അനുകൂലികളായ ശിശുക്ഷേമ സമതിയംഗങ്ങളാണ് പിരിവിനിറങ്ങുന്നത്.
മുൻ വർഷങ്ങളിൽ ശിശുക്ഷേമ സമിതി സംസ്ഥാന ഒാഫീസിൽ നിന്ന് നൽകുന്ന രസീത് ബുക്ക് ഉപയോഗിച്ച് സർക്കാർ ജീവനക്കാരിൽ നിന്ന് പണം പിരിച്ച് പരിപാടികൾ നടത്താനായിരുന്നു നിർദേശം. എന്നാൽ, പല സർക്കാർ സ്ഥാപനങ്ങളും പണം നൽകുന്നതിന് വിമുഖത കാണിച്ചതിനെ തുടർന്നാണ് ഇത്തവണ നാട്ടുകാരിൽ നിന്ന് പണം പിരിക്കുന്നത്.
നിർദേശമില്ലെന്ന് കളക്ടർ
ശിശുദിന റാലിയും പൊതുസമ്മേളനവും നടത്താനുള്ള ചെലവിന് നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്താൻ നിർദേശിച്ചിട്ടില്ലെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനായ കളക്ടർ എസ്.പ്രേംകൃഷ്ണൻ പറഞ്ഞു. പണപ്പിരിവ് നടത്തിയതായി അറിയില്ല. അന്വേഷിച്ച് നടപടിയെടുക്കും.
ചെലവിനു വേണ്ടിയെന്ന് സെക്രട്ടറി
റാലിയും പൊതുസമ്മേളനവും നടത്താനുള്ള ചെലവിന് വേണ്ടിയാണ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കില്ല. ശിശുക്ഷേമ സമിതിയുടെ രസീത് നൽകിയാണ് സംഭാവന സ്വീകരിക്കുന്നത്.
പൊന്നമ്മ, സെക്രട്ടറി
ജില്ലാശിശുക്ഷേമ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |