തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ നിരവധി ആളുകളെ ആക്രമിച്ച തെരുവുനായ നഗരത്തിലെ മറ്റു തെരുവുനായ്ക്കളെയും ആക്രമിച്ചെന്ന് സംശയം. ആക്രമണത്തിനുശേഷം ചത്തനിലയിൽ കണ്ടെത്തിയ തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. നിലവിൽ മ്യൂസിയത്തുനിന്ന് പിടിച്ച ആക്രമണത്തിന് ഇരയായ മറ്റ് തെരുവുനായ്ക്കൾ ക്വാറന്റൈനിലാണ്. അതിൽ ഒരു നായയ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടെന്നാണ് സംശയം. അതിനെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, തെരുവുനായ പ്രശ്നത്തിൽ നഗരസഭ അധികൃതർ ഇന്നലെയും തെരുവുനായ്ക്കളെ പിടികൂടാനിറങ്ങിയെങ്കിലും ഒന്നിനെയും കിട്ടിയില്ല.
കഴിഞ്ഞ ദിവസം മ്യൂസിയത്ത് പ്രഭാതസവാരിക്കിറങ്ങിയവരെ ആക്രമിച്ച തെരുവുനായ മ്യൂസിയത്തിലെ മറ്റു നായ്ക്കളെ കടിച്ചിരുന്നതായി സന്ദർശകർ വിവരം നൽകി. ചത്ത തെരുവുനായ മ്യൂസിയത്തിന് പുറത്തുള്ള മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ടെന്ന സംശയമാണ് നിലവിൽ ഉയരുന്നത്. ഇതോടെ പേവിഷബാധ മറ്റിടങ്ങളിലേക്കും പടർന്നേക്കാമെന്ന ആശങ്കയുമുണ്ട്.
മ്യൂസിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലും മറ്റുമായി കൂട്ടംകൂടി നടക്കുന്ന നായ്ക്കൾ പബ്ളിക്ക് ഓഫീസ് പരിസരം, കനകനഗർ, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പരിസരം, നന്തൻകോട് എന്നിവിടങ്ങളിലെല്ലാം അലഞ്ഞുതിരിയാറുണ്ട്. ഇതിൽ ചിലത് ആക്രമണസ്വഭാവം കാണിക്കുന്നതായി നാട്ടുകാർ പറയുന്നു. അതിനാൽ നഗരത്തിൽ വ്യാപകമായ രീതിയിൽ പരിശോധന നടത്തി തെരുവുനായ മുക്തമാക്കണമെന്നാണ് ആവശ്യം.
നായപ്രേമികളുടെ നിലപാടിൽ മാറ്റമില്ല
തെരുവുനായ ശല്യം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും തെരുവുനായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടയിൽനിന്ന് ബിസ്കറ്റും റസ്കും വാങ്ങിക്കൊടുക്കുന്നതും പതിവാണ്. ഇങ്ങനെ സ്ഥിരമായി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ കറങ്ങിനടക്കുന്നതും ആക്രമണം നടത്തുന്നതും പതിവായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |