വടക്കഞ്ചേരി: മംഗലംഡാം സംഭരണിയിൽ നീർനായശല്യം രൂക്ഷമായതോടെ മത്സ്യക്കൃഷി ഇല്ലാതാകുന്നു. ഫിഷറീസ് വകുപ്പിനു കീഴിൽ രൂപവത്കരിച്ചിട്ടുള്ള മംഗലംഡാം ഫിഷറീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മത്സ്യക്കൃഷി നടക്കുന്നത്. മുൻപ്, പ്രതിദിനം 30-40 കിലോഗ്രാം മീൻ ലഭിച്ചിരുന്ന സ്ഥാനത്ത്, സീസൺ സമയത്തുപോലും പരമാവധി 15 കിലോയാണ് ലഭിക്കുന്നത്. നിരവധിപേർ പതിവായി മംഗലംഡാമിൽ മീൻ വാങ്ങാനുമെത്തിയിരുന്നു. വലിയമീനുകളിൽ ഭൂരിഭാഗവും നീർനായ തിന്നുന്നതിനാൽ പൊടിമീനുകൾ മാത്രമാണ് നിലവിൽ മത്സ്യക്കർഷകർക്ക് ലഭിക്കുന്നത്. മീനുകളെ തിന്നുന്നതോടൊപ്പം നീർനായകൾ വലകളും കടിച്ച് നശിപ്പിക്കുന്നുണ്ട്. നീർനായ വന്യജീവി വിഭാഗത്തിൽപ്പെടുന്നതിനാൽ വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. മുൻപ്, ഫിഷറീസ് വകുപ്പ് വനംവകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. പ്രതിസന്ധിക്ക് പരിഹാരമില്ലാതായതോടെ പലരും മത്സ്യക്കൃഷി ഉപേക്ഷിക്കുകയാണ്. മുപ്പതോളം പേരുണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ താഴെ അംഗങ്ങളേയുള്ളു. അതേസമയം, എല്ലാവർഷവും സംഭരണിയിൽ മത്സ്യക്കൃഷിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. സംഭരണിയുടെ പാണ്ടിക്കടവ് ഭാഗത്ത് വല കെട്ടിത്തിരിച്ചിട്ടുള്ള പെൻകൾച്ചറിൽ ഇത്തവണ എട്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. നിശ്ചിത വളർച്ചയെത്തിയാൽ ഇവയെ സംഭരണിയിലേക്ക് തുറന്നുവിടും. നീർനായയെ പിടികൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളാണ് വനംവകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇവയെ പിടികൂടുക
എളുപ്പമല്ലെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. പിടികൂടിയാലും നീർനായയുടെ ആവാസ വ്യവസ്ഥ സംഭരണി ആയതിനാൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി വിടാനും സാധിക്കില്ല. കൂട്ടായ ചർച്ചകളിലൂടെ പ്രായോഗിക തീരുമാനങ്ങളെടുക്കണമെന്നാണ് മത്സ്യക്കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |