മണ്ണാർക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കൽ ഇന്ന് തുടങ്ങാനിരിക്കെ മണ്ണാർക്കാട് നഗരസഭയിൽ ഇരുമുന്നണികളുെടയും ബി.ജെ.പിയുടെയും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു. ഇരുമുന്നണികളിലും ചില പ്രമുഖരുടെ സീറ്റുകളിൽ ഇനിയും ധാരണയിലെത്താത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. സീറ്റുവിഭജനചർച്ചകൾ ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായിട്ടുണ്ട്. 30 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫിൽ മുസ്ലിം ലീഗ് 17 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും കേരള കോൺഗ്രസ് ജോസഫ്, ആർ.എസ്.പി എന്നിവർ ഓരോ സീറ്റുകളിൽവീതവുമാണ് മത്സരിക്കാൻ ധാരണയായിട്ടുള്ളത്. 2020 ലെ തിരഞ്ഞെടുപ്പിൽ 17 വാർഡിൽ മത്സരിച്ച ലീഗ് 12 സീറ്റിൽ വിജയിച്ചിരുന്നു. 10 വാർഡിൽ മത്സരിച്ച കോൺഗ്രസ് മൂന്നിടത്തുമാണ് വിജയിച്ചത്.
നിലവിലെ നഗരസഭാധ്യക്ഷനായ സി. മുഹമ്മദ് ബഷീർ ഇത്തവണയും മത്സരരംഗത്തുള്ളതായാണ് വിവരം. ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്ന മുണ്ടേക്കരാട് വാർഡ് വനിതാ സംവരണമായതിനാൽ മറ്റു വാർഡുകളാണ് പരിഗണിക്കുന്നത്. പെരിമ്പടാരി വാർഡിൽ മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ് നിലവിലുള്ള കാലതാമസത്തിനുകാരണം. 17 സീറ്റുകളും വിജയിക്കാനുള്ള നീക്കം നടത്തുന്നതിനാൽ ശക്തരായ സ്ഥാനാർഥികളെ നിർത്താനാണ് മുന്നണി തീരുമാനിച്ചിട്ടുള്ളത്.
എൽ.ഡി.എഫിലും സീറ്റുവിഭജനം പൂർത്തിയായിട്ടുണ്ട്. മൂന്ന് സീറ്റുകളിൽ സി.പി.ഐയും ഒരു സീറ്റിൽ എൻ.സി.പിയും മറ്റു സീറ്റുകളിൽ സി.പി.എമ്മും മത്സരിക്കാനാണ് ധാരണ. അതേസമയം നിലവിലെ വാർഡ് കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ കെ.മൻസൂർ ഇത്തവണയും മത്സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. മുൻപ് പ്രതിനിധീകരിച്ച നായാടിക്കുന്ന് വാർഡ് വനിതാസംവരണമായതോടെ മറ്റൊരു വാർഡിൽ ഇദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. മത്സരിക്കുകയാണെങ്കിൽ ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്നും അറിയുന്നു. ലോക്കൽകമ്മിറ്റിയിൽ ഇതുസംബന്ധിച്ച് ഏകദേശധാരണയായിട്ടുണ്ടെങ്കിലും ഏരിയാകമ്മിറ്റിയിൽനിന്നുള്ള പ്രഖ്യാപനം വന്നിട്ടില്ല. മൻസൂർ മത്സരിക്കുകയാണെങ്കിൽ വടക്കുമണ്ണം, പെരിമ്പടാരി വാർഡുകളുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
നഗരസഭയിലെ പ്രതിപക്ഷനേതാവായ ടി.ആർ.സെബാസ്റ്റ്യന്റെ പേരും മത്സരരംഗത്ത് ഉയരുന്നുണ്ടെങ്കിലും ഇദ്ദേഹം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നഗരസഭാ ഭരണം ഇത്തവണ പിടിച്ചെടുക്കുമെന്ന് ഇടതുനേതാക്കൾ അവകാശപ്പെട്ടിട്ടുമുണ്ട്. ഇതിനാൽ കൗൺസിലിലെ ശക്തരായ നേതാക്കളായ മൻസൂറിനേയും സെബാസ്റ്റ്യനേയും മത്സരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പി 30 സീറ്റിലും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. ഇതിലെ 12 സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നും എട്ടുസീറ്റുകൾ നേടാനാകുമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |