കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാന നഗരമാണ് കൽപ്പറ്റ. ഈ നഗരത്തിന് ഇനിയും വളർച്ച കൈവരിക്കേണ്ടതുണ്ട്. അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹന പാർക്കിംഗിന് ഇടമില്ലാത്തതും കൽപ്പറ്റയെ പിന്നോട്ടടിപ്പിക്കുന്നു. അടുത്തിടെ നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും ആകർഷണീയമാക്കുന്നത്. നഗരനവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2017ൽ തുടക്കമിട്ട നഗര നവീകരണ പ്രവർത്തനങ്ങൾ ഇനിയും നല്ലൊരു ഭാഗവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കൽപ്പറ്റ അയ്യപ്പ ക്ഷേത്രം മുതൽ ചെറിയപള്ളി വരെയുള്ള റോഡിന്റെ ഇടതുഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഗൂഡലായി റോഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയും റോഡ് ഇരുവശത്തും ഫുട്പാത്ത് നവീകരണം നടത്തിയിട്ടില്ല. എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി നവീകരണം പൂർത്തിയാക്കും എന്നാണ് നഗരസഭ അവകാശപ്പെടുന്നത്. നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞതാണ് നിലവിലെ ഭരണസമിതി എടുത്തുപറയുന്ന വികസന നേട്ടം. അമൃത് 2.0 യിൽ ഉൾപ്പെടുത്തിയാണ് നഗരത്തിലെ മുഴുവൻ വീടുകളിലും ജലം എത്തിക്കുന്നത്. പ്രത്യേക സർവേയിൽ കണ്ടെത്തിയ 4,000 ത്തോളം കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
സമ്പൂർണ്ണ കുടിവെള്ള കണക്ഷൻ അഭിമാന പദ്ധതി
നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത് നഗരസഭയുടെ വലിയ വികസന നേട്ടമാണ്. നഗരസഭാ പരിധിയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പുളിയാർ മല മൂവെട്ടിക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിലാണ് ശുദ്ധജലം ലക്ഷങ്ങൾ ചെലവഴിച്ച് എത്തിക്കുന്നത്. അഞ്ചുവർഷത്തിനിടെ നഗരസഭാ പരിധിയിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണമാണ് ടൗൺഹാൾ യാഥാർത്ഥ്യമാക്കാൻ വൈകിയത്. അത്യാധുനിക സൗകര്യങ്ങളോടെ കൽപ്പറ്റയിൽ മുനിസിപ്പൽ ടൗൺഹാൾ യാഥാർത്ഥ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. നവീകരണവും സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളും കൽപ്പറ്റയുടെ മുഖച്ഛായ മാറ്റി.
പി. വിനോദ് കുമാർ
നഗരസഭ ചെയർമാൻ
കഴിവുകെട്ട ഭരണസമിതി
കൽപ്പറ്റ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി കേരളത്തിൽ തന്നെ ഏറ്റവും മോശമായ ഭരണസമിതിയാണെന്നതിൽ സംശയമില്ല. എടുത്തു പറയത്തക്ക ഒരു പദ്ധതി പോലും നടപ്പാക്കിയിട്ടില്ല. ലൈഫ് ഭവന പദ്ധതിയിൽ കുറഞ്ഞ കുടുംബങ്ങൾക്ക് മാത്രമാണ് വീട് നൽകാൻ കഴിഞ്ഞിട്ടുള്ളത്. മുൻ ഇടത് ഭരണസമിതി തുടങ്ങിയവച്ച നഗരനവീകരണ പ്രവർത്തനങ്ങൾ കുറച്ചു നടപ്പാക്കിയതല്ലാതെ മറ്റൊന്നും എടുത്തു പറയാനില്ല. നഗര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
നഗരസഭയുടെ ടൗൺഹാൾ പൊളിച്ചു നീക്കിയിട്ട് നാലു വർഷം കഴിഞ്ഞു ഇതുവരെയും ടൗൺഹാളിൽ നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. സാധാരണക്കാർക്ക് വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കാൻ കൽപ്പറ്റയിൽ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്.
സി.കെ.ശിവരാമൻ
പ്രതിപക്ഷ നേതാവ്
#
വികസനം മന്ദഗതിയിൽ
നഗരസഭയിൽ മാറിമാറിവരുന്ന ഭരണസമിതികൾ കാര്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ല. ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന വയനാടിന്റെ തലസ്ഥാന നഗരമാണ് കൽപ്പറ്റ. നഗരത്തിൽ പലയിടത്തും വൃത്തിഹീനമായ സാഹചര്യമാണ്. കേന്ദ്ര ഫണ്ടുകൾ ഉപയോഗപ്പെടുത്തി നഗരം മനോഹരമാക്കാൻ കഴിയും. എന്നാൽ ഇതൊന്നും വിനിയോഗിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. സമ്പൂർണ്ണ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച എങ്കിലും പലയിടത്തും ഇതുവരെയും കുടിവെള്ളം ലഭ്യമായിട്ടില്ല.
ശിവദാസൻ വിനായക
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്
#
വാർഡ്
(2020)-28
കക്ഷി നില
യുഡിഎഫ് 15
എൽഡിഎഫ് 13
വാർഡ്
(2025) -30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |