ആലപ്പുഴ : ആലപ്പുഴയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതിന്റെ സാദ്ധ്യതാപഠനം അടുത്തമാസം നടത്തി റിപ്പോർട്ട് കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെ.എം.ആർ.എൽ) ചുമതല. കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിലാകും ആലപ്പുഴയിലും പദ്ധതി നടപ്പാക്കുക. കൊല്ലത്തും വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയുണ്ട്.
ഗതാഗതസംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും വാട്ടർ മെട്രോ ആരംഭിക്കുക. റൂട്ടുകൾ, ബോട്ടുകൾ, ജെട്ടികൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷം തീരുമാനമെടുക്കും. കൂടുതൽ ജലാശയങ്ങൾ ഉള്ളതും യാത്രക്കാരേറിയതുമായ പ്രദേശങ്ങൾ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെയും ജലമെട്രോ പദ്ധതിക്കായി തിരഞ്ഞെടുത്തത്. കൊച്ചി വാട്ടർ മെട്രോ ലോകശ്രദ്ധയാകർഷിച്ചതിനെ തുടർന്ന് ഇന്ത്യയിലെ 21 പ്രദേശങ്ങളിൽ ജലമെട്രോ തുടങ്ങാൻ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിൽ സാദ്ധ്യതാ പഠനം ശേഷിക്കുന്നത് ആലപ്പുഴ, കൊല്ലം, ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമാണ്.
എയർ കണ്ടീഷൻ സൗകര്യമുള്ള ആധുനിക ബോട്ടുകളാവും സർവീസിന് ഉപയോഗിക്കുക . കൊച്ചി വാട്ടർ മെട്രോയുടെ മാത്യകയിൽ ഏകീക്യത ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നാവും നിയന്ത്രണം. കൊച്ചി മെട്രോയ്ക്ക് 20 ബോട്ടാണുള്ളത്. 12 ബോട്ട് ടെർമിനലുകളുമുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ടെണ്ണം കൂടി തുറക്കും.
കൊച്ചിയേക്കാൾ സാദ്ധ്യത
1.കൊച്ചിയേക്കാൾ വലിയ സാദ്ധ്യതയാണ് വാട്ടർ മെട്രോയ്ക്ക് ആലപ്പുഴയിലുള്ളതെന്ന വിലയിരുത്തലിലാണ് കെ.എം.ആർ.എൽ.
2.കൊച്ചിയിലെ റൂട്ടുകളേക്കാൾ ദൈർഘ്യമേറിയതായിരിക്കും ആലപ്പുഴയിലെ റൂട്ടുകൾ
3.ജലഗതാഗത വകുപ്പിൻ്റെ സർവീസുകളെ ബാധിക്കാതെയാവും മെട്രോ സർവീസ്
4. പൂർണമായും സൗരോർജ ബോട്ടുകൾ ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല
കൊച്ചി മെട്രോ
20 ബോട്ടുകൾ
ഉയർന്ന ബാറ്ററി ശേഷിയുള്ള ബോട്ടുകൾ
ആലപ്പുഴയിൽ റൂട്ടുകളുടെ ദൈർഘ്യം കൂടുതലായതിനാൽ ഉയർന്ന ബാറ്ററി ശേഷിയുള്ള ബോട്ടുകൾ ഇവിടെ ഉപയോഗിക്കേണ്ടിവരും. വിനോദസഞ്ചാരികൾ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണൽ, കുമരകം റൂട്ടുകൾക്കാണ് പ്രാമുഖ്യം നൽകുക. കായലുകളും ഉൾനാടൻ ജലപാതകളും പദ്ധതി പ്രയോജനപ്പെടുത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |