
പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് നാമനിർദേശ പത്രിക ലഭിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ഐക്കാട് വടക്കും കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് ചെങ്ങറയിലുമാണ് ഓരോ പത്രിക വീതം ലഭിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 21 ആണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ഉം സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24മാണ്.
സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദേശിച്ച സ്ഥലത്ത് നാമനിർദേശപത്രിക (ഫോറം 2) സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർത്ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000 രൂപയുമാണ് നാമനിർദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |