
പത്തനംതിട്ട : എ.ഐ കാലഘട്ടത്തിൽ പഞ്ചായത്തുകളെ എങ്ങനെ മാറ്റാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കഴിഞ്ഞ തവണ നഷ്ടമായ തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. തിരുവല്ലനഗരസഭയിലും ഭരണത്തിലെത്തുമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ വി.എ.സൂരജ്. പത്തനംതിട്ട പ്രസ് ക്ലബിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംവാദത്തിൽ നയം വ്യക്തമാക്കുകയായിരുന്നു നേതാക്കൾ.
പ്രസ് ക്ല ബ് പ്രസിഡന്റ് ബിജു കുര്യൻ , സെക്രട്ടറി ജി.വിശാഖൻ എന്നിവർ സംസാരിച്ചു.
ലോകോത്തര നിലവാരത്തിലേക്ക് : രാജു എബ്രഹാം
ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങൾ പഞ്ചായത്തുകളിലും നടപ്പാക്കാൻ കഴിഞ്ഞു. വരുന്ന അഞ്ച് വർഷംകൊണ്ട് മാലിന്യം ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. വീട്, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റമാണുണ്ടാക്കിയത്. പട്ടിണി ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. റോഡുകൾ ഉന്നത നിലാവാരത്തലുള്ളതാക്കി.സമസ്ത മേഖലയിലും വലിയ നേട്ടങ്ങളുണ്ടായിട്ടുള്ളത്. വന്യമൃഗശല്യം പരിഹരിക്കുന്നതിൽകേന്ദ്ര നിയമമാണ് തടസം. ഇത്തവണ കൂടുതൽ പഞ്ചാത്തുകളിൽ നേട്ടമുണ്ടാക്കും.
നഷ്ടമായ തദ്ദേശ സ്ഥാപനങ്ങൾ
തിരിച്ചുപിടിക്കും : സതീഷ് കൊച്ചുപറമ്പിൽ
കഴിഞ്ഞ തവണ 13 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലും ഇത്തവണ ഭരണം നേടും. ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തുകളിലെ വിജയം ഇതിന്റെ സൂചനയാണ്. പിണറായി സർക്കാർ സമസ്ത മേഖലയിലും ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. ദേവസ്വംബോർഡിൽ നീരിശ്വര വാദികളെ നിറച്ച് കൊള്ളയ്ക്ക് നേത്യത്വം നൽകുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ പ്രഖ്യാപനങ്ങൾ വെറും തട്ടിപ്പാണ്. കോന്നി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വിധിയെഴുതും.
പന്തളത്ത് ഭരണം നിലനിറുത്തും : വി.എ.സൂരജ്
കഴിഞ്ഞ തവണ മൂന്നു പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം ലഭിച്ചത്. ഇത്തവണ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം ലഭിക്കും. പന്തളം നഗരസഭയിൽ ഭരണം നിലനിറുത്തും. വന്യമ്യഗ ശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ആയിട്ടില്ല. മോദി സർക്കാരിന്റെ കേന്ദ്രപദ്ധതികൾ മാത്രമാണ് നടപ്പായിട്ടുള്ളത്. പത്തനംതിട്ട എഫ്.എം റേഡിയോ നിലയം, കേന്ദ്രീയ വിദ്യാലയം, ജൽജീവൻമിഷൻ, കിസാൻസമ്മാൻ നിധി ഇവയൊക്കെ കേന്ദ്രത്തിന്റെതാണ്. തെരുവുനായ് ശല്യം പരിഹരിക്കാൻകഴിഞ്ഞിട്ടില്ല. കൊടുമൺ റൈസ് മിൽപൂട്ടി. ശബരിമല സ്വർണ്ണകൊള്ളയിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |