
മുൻഗണന അനുസരിച്ച് നിറം
കെട്ടിക്കിടക്കൽ കുറയുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: മുൻഗണനാ ക്രമം നിശ്ചയിച്ച് ഫയൽ തീർപ്പാക്കാൻ കളർ കോഡ് രീതി കൊണ്ടുവരാൻ സർക്കാർ. മുഖ്യമന്ത്രി മുൻകൈയെടുത്തിട്ടും ഫയൽ തീർപ്പാക്കൽ കാര്യക്ഷമമല്ല. മന്ത്രിമാർ നിർദ്ദേശിക്കുന്ന ഫയലുകൾ പോലും നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
അടിയന്തര പ്രാധാന്യമനുസരിച്ച് നിറം നിശ്ചയിക്കാൻ മാനദണ്ഡം കൊണ്ടുവരും. മന്ത്രിമാർ നിർദ്ദേശിക്കുന്നവ, അടിയന്തര സ്വഭാവമുള്ളവ, പണസംബന്ധമായവ, ക്യാബിനറ്റിൽ തീരുമാനമെടുക്കേണ്ടവ, മനുഷ്യത്വപരമായ തീരുമാനം എടുക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ച് ഫയലുകൾക്ക് നിറം നൽകും.
ഫയലുകൾ മുന്നിലെത്തുമ്പോൾ നിറം നോക്കി ഉദ്യോഗസ്ഥർ ആദ്യമാദ്യം തീർപ്പാക്കണം. ഓരോ കളറിലുള്ള ഫയലിനും നിശ്ചിത ദിവസവും നിർദ്ദേശിക്കും. ഇതിനനുസരിച്ച് സോഫ്റ്റ് വെയറായ ഇ- ഓഫീസിൽ മാറ്റങ്ങൾ വരുത്തും.
സെക്രട്ടേറിയറ്റിൽ ഓരോ മാസവും പുതുതായി തുറക്കുന്ന ഫയലുകളിൽ 30 ശതമാനം പോലും ആ മാസം തീർപ്പാകുന്നില്ല. പഴയ ഫയലുകളിൽ തീർപ്പാക്കൽ വെറും 8 ശതമാനം മാത്രവും. കളർ കോഡ് വന്നാൽ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുൻഗണനാക്രമം തെറ്റിച്ച് വേണ്ടപ്പെട്ടവരുടെ ഫയൽ ആദ്യമെടുക്കുന്നത് തടയാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
മുഴുവൻ ഇ-ഫയൽ പക്ഷേ...
2014 മാർച്ച് 5നാണ് സെക്രട്ടേറിയറ്റ് ഇ -ഓഫീസായത്. ജിജിതോംസൺ ചീഫ്സെക്രട്ടറിയായപ്പോൾ വിവിധ സെക്രട്ടേറിയറ്റ് വകുപ്പുകൾ, കളക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ എന്നിവയിലേക്ക് വ്യാപിപ്പിച്ചു. ഫയൽ പ്രോസസ്സിംഗ് കാര്യക്ഷമമായി. പക്ഷേ, ഫയൽ തീർപ്പാക്കുന്നതിൽ വേഗത വന്നില്ല. അത് ജീവനക്കാർ മനസ്സുവച്ചാലേ നടക്കൂ.
കെട്ടികിടക്കൽ
2013 മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി തുടങ്ങിയപ്പോൾ കെട്ടിക്കിടന്നത് 11,45 ലക്ഷം
2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടികിടക്കുന്നതായി കണ്ടെത്തിയത് 12.14 ലക്ഷം
2022ൽ, കൊവിഡിന് ശേഷം ഇത് 17.45 ലക്ഷമായുയർന്നു. നിലവിൽ 12.43 ലക്ഷം ഫയലുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |