
ശബരിമല: ശബരിമല നടതുറക്കുന്ന ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിനെയും മാളികപ്പുറം മേൽശാന്തി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി.മനു നമ്പൂതിരിയെയും മേൽശാന്തി കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിക്കും. ഭഗവത് ദർശനത്തിനുശേഷം പ്രസാദിനെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിനു സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടർന്ന് എം.ജി.മനു നമ്പൂതിരിയെയും ഇതേരീതിയിൽ മാളികപ്പുറം മേൽശാന്തിയായി അവരോധിക്കും. കഴിഞ്ഞ ഒരുവർഷത്തെ ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങും.
അതിനിടെ, പ്രസാദ് നമ്പൂതിരി ഇന്നലെ സന്നിധാനത്തേക്ക് പുറപ്പെട്ടു. വാസുപുരത്തെ ഇല്ലത്തായിരുന്നു കെട്ടുനിറ. മകൻ അച്യുത് ദാമോദറും ഭാര്യാസഹോദരൻ രഞ്ജിത്തും ഇരുമുടിക്കെട്ടേന്തി ഒപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |