
തിരുവനന്തപുരം; വിശ്വാസത്തിനോ ബോർഡിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കോ കോട്ടമുണ്ടായെങ്കിൽ അതു തിരിച്ചു സ്ഥാപിക്കുകയും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് നിയുക്ത ബോർഡിന്റെ ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കാലം കല്പിച്ച മുഹൂർത്തമാണിതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ജയകുമാർ പറഞ്ഞു.
മുൻ ബോർഡുകൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കൊപ്പം സമൂലമായ മാറ്റമുണ്ടാക്കും. വിശ്വാസം വൃണപ്പെടാതിക്കാനുള്ള നടപടികളാണ് ബോർഡ് നടപ്പാക്കുക. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണ രംഗത്തും സാമൂഹ്യ,സാംസ്‌കാരിക മേഖലയിലും തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാറെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയായിരിക്കവേ അഡ്മിനിസ്‌ട്രേഷൻ മികച്ച രീതിയിൽ ചെയ്തയാളാണ്. ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതിനൊപ്പം ആഗോള അയ്യപ്പ സംഗമത്തിൽ വികസനം സംബന്ധിച്ച് പ്രധാന സെക്ഷൻ അവതരിപ്പിച്ചതും ജയകുമാറായിരുന്നു. ജയകുമാർ ദേവസ്വം ബോർഡിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ബോർഡ് അംഗമായി മുൻ മന്ത്രി കെ. രാജുവും ചുമതലയേറ്റു. ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി,ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. ജയകുമാർ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല വഹിച്ചിരുന്നു. നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്. വനം,വന്യജീവി,മൃഗസംരക്ഷണം,ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്ന കെ. രാജു,15 വർഷം എം.എൽ.എയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |