അപകടങ്ങൾ തുടരുമ്പോഴും അനാസ്ഥ
വടക്കഞ്ചേരി: അപകടങ്ങൾ തുടരുമ്പോഴും ദേശീയപാത സർവീസ് റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ ജനരോഷം ശക്തമാകുന്നു. കെ.രാധാകൃഷ്ണൻ എം.പിയും പി.പി.സുമോദ് എം.എൽ.എയും ഉൾപ്പെട്ട സംഘം ജനങ്ങളുടെ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച് സർവീസ് റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ സർവീസ് റോഡ് പൂർത്തിയാക്കാത്തത് മൂലമാണ് അപകടങ്ങൾ വർദ്ധിച്ചത്. കഴിഞ്ഞ ദിവസം പന്തലാംപാടത്ത് സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് പ്രവേശിച്ച ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് പരുക്കേറ്റു. കോരഞ്ചിറ സ്വദേശിയായ യുവാവിനാണ് പരുക്കേറ്റത്. പാലാക്കാട്, തൃശൂർ ജില്ലാ അതിർത്തിയായ വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെ സർവീസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പലയിടത്തും റോഡില്ല.
വടക്കഞ്ചേരിയിൽ ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജംഗ്ഷൻ മുതൽ യരേശംകുളം വരെ സർവീസ് റോഡ് നിർമിച്ചപ്പോൾ തേനിടുക്കിൽ കണ്ണമ്പ്ര റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡില്ല. കണ്ണമ്പ്ര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നത് പതിവായി. പന്നിയങ്കര ടോൾ കേന്ദ്രത്തിന് അര കിലോമീറ്റർ മാറി ആരംഭിക്കുന്ന റോഡ് ശങ്കരംകണ്ണൻതോട് എത്തുമ്പോൾ അവസാനിക്കുന്നു. ബാക്കി മേരിഗിരി വരെ ഇരുഭാഗത്തും സർവീസ് റോഡില്ല. മേരിഗിരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് റോഡ് പന്തലാംപാടം ഭാഗത്ത് പൂർത്തിയാക്കിയിട്ടില്ല. ആറുവരിപ്പാതയിൽ ചുവട്ടുപാടത്തും ശങ്കരംകണ്ണൻതോട്ടിലും വെള്ളം കെട്ടി നിന്ന് റോഡ് തകർന്നു. ഡ്രെയ്നേജുകളുടെ നിർമ്മാണ അപാകത കാരണം ദേശീയപാതയോരത്തുള്ള വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. ആറുവരിപ്പാതയിലും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് വടക്കഞ്ചേരി ടൗണിലേക്ക് പ്രവേശിക്കുന്ന റോഡിൽ സിഗ്നൽ ലൈറ്റും സീബ്രാ ലൈനും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |