കോന്നി : ശബരിമല തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്ന അച്ചൻകോവിൽ - കല്ലേലി - കോന്നി വനപാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. അച്ചൻകോവിൽ - ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമാണ് ഈ വനപാത. വനംവകുപ്പിന്റെ കല്ലേലി ചെക്കുപോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കാനനപാത പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഈ വനപാതയിലെ വശങ്ങളിലെ കാടുകളും തെളിക്കേണ്ടതുണ്ട്. റോഡിലെ വളവുകളിൽ പുല്ലുകൾ വളർന്നുനിൽക്കുന്നതിനാൽ കാട്ടാനകൾ റോഡ് അരികിൽ നിന്നാൽ യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല. വനംവകുപ്പ് രാത്രികാലത്ത് ഇവിടെ യാത്ര അനുവദിക്കാറില്ല. പകൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നതിന് വനംവകുപ്പിന്റെ കല്ലേലി ചെക്ക് പോസ്റ്റിൽ നിന്ന് അനുമതി വാങ്ങണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് വരുന്ന ഭക്തജനങ്ങളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
പരമ്പരാഗത വനപാത
തമിഴ്നാട് കുറ്റാലത്ത് നിന്ന് ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ, ആവണിപ്പാറ, മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ, നടുവത്തുമൂഴി, കല്ലേലി, അരുവാപ്പുലം വഴി കോന്നി എലിയറയ്ക്കൽ എത്തുന്ന പരമ്പരാഗത വനപാതയാണിത്.
അറ്റകുറ്റപ്പണികളില്ല
കുഴിയായ പാത അപകടക്കെണിയാണ്. അച്ചൻകോവിലിൽ നിന്ന് പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാൻ നേരത്തെ പദ്ധതി തയാറാക്കിയിരുന്നു. ചെങ്കോട്ടയിൽനിന്ന് വരുന്ന ശബരിമല തീർത്ഥാടകർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോന്നിവഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് ഇൗ പാത. അച്ചൻകോവിൽ , കോന്നി വനം ഡിവിഷനുകളുടെ പരിധിയിലെ വനമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. ശബരിമല നിറപുത്തരി ആഘോഷത്തിനുള്ള നെൽക്കതിരുകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും കടന്നുപോകുന്നത് ഈ വനപാതയിലൂടെയാണ്.
റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അഡ്വ.സി.വി.ശാന്തകുമാർ
(പ്രസിഡന്റ് കല്ലേലി, ഊരാളി അപ്പൂപ്പൻകാവ് ട്രസ്റ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |