
കണ്ണൂർ: മകൻ അനീഷിന്റെ മരണത്തിന് കാരണം എസ്.ഐ.ആറിന്റെ സമ്മർദ്ദം തന്നെയാണെന്ന് പിതാവ് ജോർജ് പറഞ്ഞു.വിശാലമായ മേഖലയിൽ എല്ലാവരെയും കാണാനും ഫോം തിരിച്ചുവാങ്ങാനും ഏറെ ബുദ്ധിമുട്ടാണ് . രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചുനൽകണമെന്ന നിർദേശം സമ്മർദ്ദം വർദ്ധിപ്പിച്ചു. മുപ്പത് വീടുകളിൽ കൂടി കയറാനുണ്ടെന്ന് പറഞ്ഞായിരുന്നു തങ്ങളെ പള്ളിയിലേക്ക് പറഞ്ഞയച്ചത്.
അതേസമയം, രാഷ്ട്രീയ പാർട്ടികൾ മകനെ ഭീഷണിപ്പടുത്തിയെന്നത് തെറ്റായ പ്രചാരണമാണ് .
സി.പി.എമ്മിന്റെ ഭീഷണിയെന്ന്
ഡി.സി.സി ജന.സെക്രട്ടറി
അനീഷ് ജോർജ് ആത്മഹത്യ ചെയ്യാൻ ഇടയായതിനു പിന്നിൽ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ആരോപിച്ചു.
എന്യുമറേഷൻ ഫോം വിതരണം ചെയ്യാൻ കൂടെ പോയ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനോട് കൂടെ വരരുത് എന്ന് അനീഷ് വിളിച്ചു പറഞ്ഞതായും ഈ സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കുമെന്നും രജിത്ത് നാറാത്ത് പറഞ്ഞു. ഇത് സി.പി.എം ഭീഷണിപ്പെടുത്തിയതിന്റെ ഭാഗമായാണ്. എല്ലാ ഭീഷണിയും എല്ലാവർക്കും താങ്ങാൻ കഴിയില്ല. എസ്.ഐ.ആറിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് അനീഷെന്നും രജിത്ത് നാറാത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ബി.എൽ.ഒമാർ ജോലി ബഹിഷ്കരിക്കും
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാദ്ധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ബി.എൽ.ഒമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം.വി.ശശിധരനും കെ. പി. ഗോപകുമാറും അറിയിച്ചു.
ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം ഇലക്ഷൻ കമ്മിഷനാണെന്ന് ആരാേപിച്ചു ചീഫ് ഇലക്ടറൽ ഓഫീസിലേക്കും ജില്ലാ വരണാധികാരി ഓഫീസുകളിലേക്കും (കളക്ടറേറ്റ്) പ്രതിഷേധ മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |