SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

 ഇ-ഗ്രാന്റ് തുച്ഛം  കൃത്യവുമല്ല പഠനസാഹചര്യം അത്ര 'ഗ്രാൻഡല്ല'

Increase Font Size Decrease Font Size Print Page
student
ഹോസ്റ്റൽ ഫീസ്

കൊച്ചി: '5000 രൂപയാണ് ഹോസ്റ്റൽ ഫീസ്. ഇ-ഗ്രാന്റായി വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഹോസ്റ്റൽ ഫീസ് 3500 രൂപയും! കൃത്യമായി ഫീസ് കൊടുക്കാൻ കഴിയാതെ മറ്റ് കുട്ടികൾക്ക് മുന്നിൽ തലതാഴ്ത്തി​ നിൽക്കേണ്ട അവസ്ഥയുണ്ട്." പറഞ്ഞ് മുഴുവനാക്കും മുമ്പ് വൈക്കത്തെ കോളേജിൽ സ്വാശ്രയ കോഴ്‌സ് പഠിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനി അനിതയുടെ (യഥാർത്ഥ പേരല്ല) കണ്ണുകൾ നിറഞ്ഞൊഴുകി. തൊട്ടടുത്തിരുന്ന ശ്രീജിത്തിനും രേഷ്മയ്ക്കും സൂര്യയ്ക്കും സങ്കടമടക്കാനായില്ല. ഇത് അനിതയുടെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്ത് ഇ-ഗ്രാന്റി​ന്റെ ബലത്തിൽ മികച്ച വിദ്യാഭ്യാസവും ഇതിലൂടെ നല്ലൊരു ജീവിതവും സ്വപ്നം കാണുന്ന ആദിവാസി-ദളിത് വിദ്യാർത്ഥികൾ കടന്നുപോകുന്ന സാഹചര്യമാണ്. കാട്ടി​നുള്ളി​ലും കോളനി​കളി​ലും പ്രതി​കൂല ജീവി​തസാഹചര്യങ്ങളി​ലൂടെ കടന്നുപോകുന്ന ഈ വി​ദ്യാർത്ഥി​കൾക്ക് ഗ്രാന്റി​ലൂടെ ലഭി​ക്കുന്ന ചെറി​യ തുകയ്ക്കും വലി​യ മൂല്യമുണ്ട്.

സംസ്ഥാനത്ത് രണ്ട് പതിറ്റാണ്ടിനിടെ ഇ-ഗ്രാന്റ് ഉയർത്തിയിട്ടില്ല. കൃത്യമായിട്ടുമല്ല ഗ്രാന്റ് നൽകുന്നതും. ഇതാണ് പല വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്നത്. ഗ്രാന്റുകൾ മുടങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ട്.

ആദിവാസി - ദളിത് വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റുകൾ മുടങ്ങിയിട്ടും ചെറുവിരൽ അനക്കാത്ത സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധം ശക്തമാണ്. ഇതിന്റെ ആദ്യപടിയായി 22ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. അംബേദ്കറൈറ്റ് ഡെമോക്രറ്റിക് മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.

 ഇ-ഗ്രാന്റ്
പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് എന്ന പേരിൽ ബഡ്ജറ്റിൽ വകയിരുത്തുന്ന തുകയിൽ നിന്നാണ് പ്രതിമാസ ഇ-ഗ്രാന്റ് നൽകുന്നത്. ഉപരിപഠനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും കോഴ്‌സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് തുക നൽകുക. തുക വകമാറ്റുന്നുവെന്നാണ് ആക്ഷേപം.

 മുടങ്ങിയ ഗ്രാന്റുകൾ (രൂപയിൽ)​

ലംപ്‌സം ഗ്രാന്റ്: 1400 (യു.ജി), 1900 (പി.ജി)
ഹോസ്റ്റൽ ഫീസ് : 3500
സ്വാശ്രയ കോളേജ് ഹോസ്റ്റൽ : 4500
പോക്കറ്റ് മണി : 200
സ്വകാര്യ ഹോസ്റ്റൽ : 3000 (എസ്.ടി), 1500 (എസ്.സി)
യാത്രാ ആനുകൂല്യം : 800

ഇ-ഗ്രാന്റ് ലഭിക്കുന്ന വിദ്യാർത്ഥികളാണെന്നും തുക അക്കൗണ്ടിലേക്ക് ലഭിച്ചാലുടൻ കോളേജിന് നൽകാമെന്നും പ്രിൻസിപ്പലിന് കത്ത് നൽകിയാണ് പലപ്പോഴും കുട്ടികൾ പരീക്ഷയെഴുതാൻ അനുമതി വാങ്ങുന്നത്. കത്ത് നൽകിയാലും പരീക്ഷയുടെ തലേദിവസമൊക്കെയാണ് ഹാൾ ടിക്കറ്റ് പോലും ലഭിക്കുക

മേരി ലിഡിയ

സ്റ്റേറ്റ് കോ ഓർഡിനേറ്റർ

ആദിശക്തി സമ്മർ സ്കൂൾ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY