SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ: കരുത്തന്മാരുടെ പോരാട്ടം  

Increase Font Size Decrease Font Size Print Page
jilla

തിരുവല്ല : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഇക്കുറി കരുത്തന്മാരുടെ പോരാട്ടത്തിന് സാക്ഷിയാകും. ഇടത് - വലത് മുന്നണികളിൽ കേരള കോൺഗ്രസ് എം, ജോസഫ് ഘടകകക്ഷികളെ മത്സരിപ്പിക്കുമ്പോൾ എൻ.ഡി.എയിൽ ബി.ജെ.പി അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിനാണ് പുളിക്കീഴ് ഡിവിഷൻ ഇക്കുറി വേദിയാകുന്നത്.
മുൻ ജില്ലാ പഞ്ചായത്ത് അംഗവും പെരിങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സാം ഈപ്പനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എബ്രഹാം തോമസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന വിജയകുമാർ മണിപ്പുഴയെയാണ് എൻ.ഡി.എ കളത്തിലിറക്കിയിട്ടുള്ളത്.

സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും പോരാടുമ്പോൾ ചരിത്രം മാറ്റിമറിക്കാനാണ് എൻ.ഡി.എയുടെ മത്സരം. അപ്പർകുട്ടനാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷനിൽ കാർഷിക മേഖലകളിലെ പ്രശ്നങ്ങളും ഗ്രാമങ്ങളിലെ വികസനവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും.

പുളിക്കീഴിന്റെ ചരിത്രം
ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതൽ യു.ഡി.എഫിന് മേൽക്കൈയുള്ള ചരിത്രമാണ് പുളിക്കീഴ് ഡിവിഷനുളളത്. 1995ൽ കോൺഗ്രസ് നേതാവ് നിരണം തോമസാണ് ഡിവിഷനെ ആദ്യം വലത്തേക്ക് അടുപ്പിക്കുന്നത്. 2000 ൽ കേരള കോൺഗ്രസ് എമ്മിന് കൈമാറിയ മണ്ഡലത്തിൽ അംബികാ മോഹൻ വിജയിച്ചു. 2005ൽ സജി അലക്‌സ്, 2010ൽ വീണ്ടും അംബികാ മോഹൻ, 2015ൽ സാം ഈപ്പൻ എന്നിവർ ഡിവിഷൻ കൈവിടാതെ കാത്തു. എന്നാൽ 2020ൽ എൽ.ഡി.എഫിനെ വിജയിപ്പിച്ച് ചരിത്രം മാറ്റിയെഴുതി. അന്ന് വിജയിച്ച എൽ.ഡി.എഫിലെ ഡാലിയ സുരേഷ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ രാജിവച്ചതിനെ തുടർന്ന് 2022ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഡിവിഷൻ നിലനിറുത്തി.

നാല് പഞ്ചായത്തുകൾ
നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളാണ് ഡിവിഷനിലുള്ളത്. മൂന്ന് മുന്നണികൾക്കും സ്വാധീനമുളളതിനാൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. ഭരണം മാറിമാറി പങ്കിട്ടുള്ളതിനാൽ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകൾ എൽ.ഡി.എഫിനും യു.ഡി.എഫിനും സ്വാധീന മേഖലയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ നേട്ടമുണ്ടാക്കിയ മേഖലയാണ് പുളിക്കീഴ് ഡിവിഷൻ. മാത്രമല്ല നെടുമ്പ്രം പഞ്ചായത്തിൽ ബി.ജെ.പി. ഭരിച്ചിട്ടുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY