
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൻ.ഡി.എയിലെ സീറ്റ് ചർച്ചയിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. ഇതോടെ ജില്ലാ പഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകും.
കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച കോഴഞ്ചേരി ഡിവിഷൻ ഇത്തവണ ബി.ജെ.പി ആവശ്യപ്പെട്ടതാണ് തർക്കത്തിലെത്തിയത്. ജില്ലാ തലത്തിൽ ധാരണ ആകാത്തതിനെ തുടർന്ന് എൻ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പത്മകുമാറും എ.എൻ.രാധാകൃഷ്ണനും തമ്മിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് കോഴഞ്ചേരിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
തങ്ങളുടെ സിറ്റിംഗ് സീറ്റായ കോഴഞ്ചേരി വിട്ടു നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബി.ഡി.ജെ.എസ്. കഴിഞ്ഞ തവണ കോഴഞ്ചേരി ഡിവിഷനിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ഒാമന ദിവാകരൻ ഒൻപതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പി.ആർ.രാഖേഷിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. മുൻ ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് അയിരൂരിനു വേണ്ടിയാണ് ബി.ജെ.പി കോഴഞ്ചേരി സീറ്റ് ആവശ്യപ്പെട്ടത്. ആനിക്കാട്, മലയാലപ്പുഴ, റാന്നി അങ്ങാടി എന്നിവ ബി.ഡി.ജെ.എസ് മത്സരിക്കാൻ എൻ.ഡി.എയിൽ ധാരണ ആയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച പുളിക്കീഴ്, കൊടുമൺ സീറ്റുകൾ ബി.ഡി.ജെ.എസ് ബി.ജെ.പിക്കു വിട്ടുകൊടുത്താണ് പകരം ആനിക്കാടും മലയാലപ്പുഴയിലും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ ബി.ജെ.പി 13 ഡിവിഷനുകളിലും ബി.ഡി.ജെ.എസ് 4 ഡിവിഷനുകളിലും മത്സരിക്കാണ് ധാരണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |