കൽപ്പറ്റ: വയനാട് ജില്ല തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസ് യുവാക്കളെ തഴഞ്ഞെന്ന് ആരോപണം. മത്സരത്തിൽ നിന്നും കൂട്ടത്തോടെ മാറിനിൽക്കാൻ ആലോചന. യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തു വരുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അവസാന നിമിഷം വരെ പരിഗണിച്ച ശേഷം തഴയുന്നതാണ് പരാതി. ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ സ്ഥാനാർത്ഥികളെ ഏറെക്കുറെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ചർച്ചകളിൽ യുവജന സംഘടന നേതാക്കളിൽ പലരെയും തഴയുന്നുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ തുടങ്ങിയ നേതാക്കൾക്കാണ് സീറ്റ് നിഷേധിക്കുന്നത്. ഇന്ന് വൈകീട്ടോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്ന് യുവജന നേതാക്കൾ കുറ്റപ്പെടുത്തുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് പോലും ഇതുവരെയും സീറ്റ് ഉറപ്പിക്കാൻ ആയില്ല. കെ.പി.സി.സി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ വിനയന് സീറ്റ് നിഷേധത്തെ തുടർന്ന് മീനങ്ങാടി പഞ്ചായത്തിലെ വാർഡിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ മത്സരിപ്പിക്കണമെന്ന് ആവശ്യം ഒരു വിഭാഗം ഉയർത്തിയിരുന്നു. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ വിനയൻ സ്വയം തീരുമാനിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജഷീർ പള്ളിവയലിന് തോമാട്ടുച്ചാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെ മറ്റൊരാളെ പരിഗണിക്കുന്നതായാണ് സൂചന. യുവാക്കളെ അവഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ തന്നെ കഴിഞ്ഞദിവസം പരസ്യപ്രസ്താവന നടത്തിയിരുന്നു. അവഗണന തുടർന്നാൽ പരസ്യപ്രസ്താവന നടത്താനാണ് ജില്ലയിലെ നേതാക്കളും ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |