
കൊച്ചി: മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തിലെ പൗരന്മാരാണെന്നും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുളിന്റെ വാതിൽ തുറന്ന് ജീവിതത്തിന്റെ പരമോത്സുകത ആസ്വദിക്കാൻ അവരെ സഹായിക്കേണ്ട കടമ നമുക്കെല്ലാമുണ്ടെന്നും കോടതി പറഞ്ഞു. പാലായിലെ പുനരധിവാസ കേന്ദ്രമായ 'മരിയാസദന'ത്തിലെ അന്തേവാസികളുടെ വോട്ട് പ്രത്യേക വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തണമെന്നും ചാലഞ്ച് വോട്ടായി മാറ്രിവയ്ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അന്തേവാസികളുടെ വോട്ടവകാശം കോടതി അംഗീകരിക്കുകയും ചെയ്തു.
പാലാ നഗരസഭ ഏഴാം ഡിവിഷനിലെ പുളിമലക്കുന്ന് ഭാഗത്തെ മരിയാസദനത്തിൽ 60 അന്തേവാസികളാണുള്ളത്. ഇവർ മനോധർമ്മത്തിനനുസരിച്ച് വോട്ടു ചെയ്യാൻ കഴിയാത്തവരാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളായ ജോമോൻ ജേക്കബ്, തോമസ് പള്ളിയിൽ എന്നിവരാണ് ഹർജി നൽകിയത്. മാനസികാരോഗ്യ നിയമത്തിലെ നിർവചനങ്ങളടക്കം ഹർജിയിൽ പറഞ്ഞിരുന്നു.
മരിയാസദനത്തിന്റെ പ്രതിനിധികളെ കക്ഷി ചേർക്കുകപോലും ചെയ്യാതെ നൽകിയ പരാതി അന്തേവാസികൾക്ക് അപമാനമാണെന്ന് നിരീക്ഷിച്ച കോടതി ഹർജി പരിഗണനാർഹമല്ലെന്നും വിലയിരുത്തി.
'പാവം മാനവഹൃദയം"
മനോനില തെറ്റിയവരെന്ന് കോടതി സാക്ഷ്യപ്പെടുത്തിയവരെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടതില്ലെന്ന് കേരള മുനിസിപ്പാലിറ്റി ആക്ടിൽ വ്യവസ്ഥയുണ്ട്. എന്നാൽ, എതിർകക്ഷികളെ കേൾക്കുകപോലും ചെയ്യാതെ ഇതു വിലയിരുത്തുന്നത് ഉചിതമല്ലെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. മാനസികരോഗം ഒരു പാപമല്ല. ആർക്കും സംഭവിക്കാവുന്നതാണിത്. അങ്ങനെ മുദ്ര കുത്തുന്നതോടെ അവർ സമൂഹത്തിൽ ഒറ്റപ്പെടും അന്തസ് നഷ്ടപ്പെടും. വിവേചനവും വൈകാരിക വിഷമവും നേരിടും. അതിനാൽ അവരെ ഹൃദയത്തോട് ചേർത്തു പിടിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു, സുഗതകുമാരിയുടെ 'പാവം മാനവഹൃദയം' എന്ന കവിതയിലെ
'ഇരുളിൻ കാരാഗാരം -മെല്ലെ
വലിച്ചുതുറന്നു പുറത്തുള്ളഴകിൻ
പരമോത്സുകമൊരുനോക്കാൽ കണ്ടു
കുളിർക്കുന്നു നരഹൃദയം",
എന്ന വരികളും ഉത്തരവിന്റെ ഭാഗമായി ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |