കൊല്ലം: പോളയത്തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ, ഏറെ പ്രതീക്ഷയോടെ ഉദ്ഘാടനം ചെയ്ത മെക്കനൈസ്ഡ് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രവർത്തിച്ചു തുടങ്ങിയില്ല. ത്രീ ഫേസ് വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കണക്ഷൻ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ യൂണിറ്റ് പ്രവർത്തന സജ്ജമാകുമെന്നും ടെക് ഫാം ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നു.
രണ്ടു ദിവസത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ ലഭിക്കുമെന്നായിരുന്നു ഉദ്ഘാടന ദിവസം അധികൃതരുടെ വിശദീകരണം. എന്നാൽ സാങ്കേതിക വിഷയങ്ങളിൽ തട്ടി പ്രവർത്തനം നീളുകയായിരുന്നു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് ടെക് ഫാം ഇന്ത്യ. പോളയത്തോട് ശ്മശാനത്തിന് സമീപം കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് ആധുനിക സംവിധാനങ്ങളോടെ ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് .
ജൈവമാലിന്യ സംസ്കരണം കൂടുതൽ വേഗത്തിലും ശാസ്ത്രീയമായും നിർവഹിക്കാൻ ശീതീകരിച്ച പോർട്ടബിൾ കണ്ടെയ്നർ കാബിനുകളും അതിനുള്ളിൽ ജൈവമാലിന്യ സംസ്കരണ യന്ത്രവുമാണ് സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷ ക്യാമറ, അലാറം എന്നിവയുമുണ്ട്.
നേട്ടങ്ങളേറെ
മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരില്ല
പ്രവർത്തന സമയം രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 10 വരെയും
തരംതിരിച്ച ജൈവ മാലിന്യങ്ങൾ ഈ സമയം വ്യക്തികൾക്ക് നേരിട്ട് എത്തിക്കാം
നേരിട്ട് എത്തിക്കാൻ കഴിയാത്തവർക്ക് വാതിൽപ്പടി ശേഖരണം ലഭ്യമാണ്
കിലോഗ്രാമിന് നിശ്ചിത തുക ഈടാക്കും
പ്രതിദിനം 3 ടൺ ജൈവമാലിന്യം സംസ്കരിച്ച് വളമാക്കാം
നിലവിൽ ആറു ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |