
ഇരിങ്ങാലക്കുട: കലയുടെ പട്ടുക്കുട ചൂടി ജില്ലാ കലോത്സവത്തിന്റെ രണ്ടാം നാൾ. കലയുടെ അതിമധുരം നുകർന്ന് കേരളനടനവും മൊഞ്ചത്തികളാൽ നിറഞ്ഞ ഒപ്പനയും സാമൂഹ്യ വിഷയങ്ങൾ കത്തിക്കയറിയ മോണോ ആക്ടും സദസിനെ വിസ്മയിപ്പിച്ച് പരിചമുട്ടും ചവിട്ടുനാടകവുമെല്ലാം രണ്ടാം ദിനത്തെ സമ്പന്നമാക്കി. കലോത്സവത്തിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഇരുള നൃത്തവും പണിയനൃത്തവും ഇന്നലെ സദസിനെ കൈയിലെടുത്തപ്പോൾ ശാസ്ത്രീയ ഗാനവും ഓടക്കുഴലുമെല്ലാം വേദികളെ സംഗീതസാന്ദ്രമാക്കി. മൂന്നാം ദിനമായ ഇന്ന് തിരുവാതിരക്കളിയും നാടകവും ഭരതനാട്യവും മോഹിനിമാരുടെ ലാസ്യപ്രകടനവും നാടൻപ്പാട്ടുമെല്ലാം വിരുന്നൊരുക്കും.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. വേണുജി, കലാനിലയം കൃഷ്ണൻകുട്ടി, കവിത ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
യുട്യൂബിലൂടെ പഠിച്ചു,
പണിയനൃത്തത്തിൽ നമ്പർ വൺ
ഇരിങ്ങാലക്കുട: പണിയനൃത്തം യുട്യൂബിലൂടെ പഠിച്ച് സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി പേരാമംഗലം ശ്രീദുർഗവിലാസം സ്കൂളിലെ വിദ്യാർത്ഥിനികൾ. ഇഷ, തീർത്ഥ, അവന്തിക, ശ്രീനന്ദ, ഹൃദിക, അനാമിക, പാർവതി, ആര്യനന്ദ, ആരാധ്യ, നിഖിത എന്നിവരാണ് അരങ്ങിലെത്തിയത്. ആദ്യമായാണ് സ്കൂൾ പണിയനൃത്തവുമായി കലോത്സവത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ യുട്യൂബ് നോക്കി പരിശീലനം ആരംഭിച്ചു. രണ്ടുമാസത്തെ പരിശീലനത്തിനുശേഷം ആദ്യമായി ഉപജില്ലാ കലോത്സവത്തിൽ അരങ്ങേറ്റം നടത്തി. ജില്ലാ കലോത്സവത്തിൽ കൂടുതൽ മികവ് പുലർത്താൻ ഗുരുവിനെ തേടിയെങ്കിലും 40,000 മുതൽ 50,000 രൂപവരെ പ്രതിഫലം നൽകണമെന്ന് വന്നപ്പോൾ ശ്രമം ഉപേക്ഷിച്ചു.
കലാമേളയിൽ ഹരിശ്രീ കുറിച്ച് നേപ്പാൾ പെൺകുട്ടി
ഇരിങ്ങാലക്കുട: കലോത്സവത്തിൽ ഹരിശ്രീ കുറിച്ച് നേപ്പാൾ സ്വദേശിനി ലക്ഷ്മികുമാരി ബൊഹ്റ. ഹൈസ്കൂൾ വിഭാഗം പണിയനൃത്തത്തിലാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ലക്ഷ്മികുമാരി പങ്കെടുത്തത്. 11 വർഷം മുമ്പാണ് ലക്ഷ്മികുമാരി കേരളത്തിലെത്തിയത്. മലയാളം ആദ്യം കുഴച്ചുവെങ്കിലും അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെ പഠിച്ചെടുത്തു. ചെന്ത്രാപ്പിന്നി കൊപ്രക്കളത്താണ് താമസം. പൂന്തോട്ടക്കാരനായ ഭക്ത് ആണ് അച്ഛൻ. അമ്മ: ബട്ദേവി ബൊഹ്റ.
തൃശൂരിന്റെ ബ്രാൻഡ്
ഇരിങ്ങാലക്കുട: പരിചമുട്ടിൽ തൃശൂരിന്റെ ബ്രാൻഡായി മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂൾ. കഴിഞ്ഞ 13 വർഷമായി ഹെെസ്കൂൾ വിഭാഗം പരിചമുട്ടിൽ ജില്ലയെ സംസ്ഥാന കലോത്സവത്തിന് പ്രതിനിധീകരിക്കുന്നത് ശ്രീകൃഷ്ണ സ്കൂളാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പൂർവ വിദ്യാർത്ഥികളായ അനന്തു, അതുൽ, അർജുൻ എന്നിവരുടെ ശിക്ഷണത്തിലാണ് വിജയം ആവർത്തിച്ചത്. ബൈബിളിലെ കഥാസാരങ്ങൾ എടുത്ത് സ്വന്തമായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്.
വെസ്റ്റിന് മുൻതൂക്കം
ഇരിങ്ങാലക്കുട: കലോത്സവം രണ്ട് ദിനം പിന്നിടുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം. 556 പോയിന്റോടെ തൃശൂർ വെസ്റ്റ് ഉപജില്ലയാണ് മുന്നിൽ. 547 പോയിന്റോടെ ആതിഥേയരായ ഇരിങ്ങാലക്കുട രണ്ടാമതാണ്. 545 പോയിന്റോടെ വലപ്പാടാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള തൃശൂർ ഈസ്റ്റിന് 544 പോയിന്റാണ്. കുന്നംകുളം (534), ചാലക്കുടി (512), മാള (512), കൊടുങ്ങല്ലൂർ (501), ചേർപ്പ് (500), ചാവക്കാട് (482), വടക്കാഞ്ചേരി (476), മുല്ലശ്ശേരി (404). സ്കൂളുകളിൽ 155 പോയിന്റോടെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്താണ്. ചാലക്കുടി കാർമൽ എച്ച്.എസ്.എസ് 139 പോയിന്റോടെ തൊട്ടുപിന്നാലെയുണ്ട്. പാവറട്ടി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് 122 പോയിന്റോടെ മൂന്നാമതുണ്ട്.
പകൽ വെയിലേറ്റ് വാടി, രാത്രി മഞ്ഞിൽ തണുത്ത് വിറച്ചു
ഇരിങ്ങാലക്കുട: കുട്ടികളെ ഇങ്ങനെ പരീക്ഷിക്കരുത്... പറയുന്നത് രക്ഷിതാക്കൾ മാത്രമല്ല, കൂടെ വന്ന അദ്ധ്യാപകരും കാണികളുമാണ്. ചൊവ്വാഴ്ച്ച രാവിലെ മുതൽ താളംതെറ്റിയ മത്സരങ്ങൾ മണിക്കൂറുകളോളം നീണ്ട് അവാസനിക്കുമ്പോൾ പുലർച്ചെയായി. പകൽ ചൂടേറ്റ് വാടിയപ്പോൾ രാത്രി കടുത്ത മഞ്ഞിൽ തണുത്ത് വിറച്ചു. രാവിലെ മേക്കപ്പിട്ട് ഇരുന്ന കുട്ടികൾ തട്ടിൽ കയറിയത് മണിക്കൂറുകൾക്കു ശേഷം. അയ്യങ്കാവ് മൈതാനത്തിൽ നടന്ന ബാൻഡ് മേളം അവസാനിച്ചത് ഉച്ചയ്ക്ക് 2.30നാണ്. 8.30ന് ആരംഭിക്കേണ്ട മത്സരം 9.45നാണ് തുടങ്ങിയത്. വെയിലിന്റെ ചൂടിനെ മറികടന്നാണ് ബാൻഡ് മേളത്തിൽ ടീമുകൾ മിന്നും പ്രകടനം കാഴ്ചവച്ചത്.
കലോത്സവത്തിന്റെ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു. സെന്റ് മേരീസ് ചർച്ച് സ്റ്റേജിൽ നടന്ന ദഫ്മുട്ട് മത്സരം പള്ളിക്ക് സമീപം ഒരാൾ മരിച്ചതിനെ തുടർന്ന് കുറച്ചുസമയം നിറുത്തിവച്ചതോടെ വൈകുകയായിരുന്നു.
ബെല്ലും ബ്രേക്കുമില്ലാതെ ഉദ്ഘാടനം
കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നിയന്ത്രണമില്ലാതെ നീണ്ടപ്പോൾ 11ന് തീരുമാനിച്ച എച്ച്.എസ്.എസ് വിഭാഗം ഒപ്പന ആരംഭിച്ചത് രണ്ട് മണിക്കൂറോളം വൈകി. ഉദ്ഘാടകനും മുഖ്യപ്രഭാഷകനും സംസാരിച്ച് പിന്നിട് വന്നവരെല്ലാം പ്രസംഗം നീട്ടിപിടിച്ചപ്പോൾ സദസിലുള്ളവരിൽ മുറുമുറുപ്പ് ഉയർന്നു. ഒരോരുത്തർക്കും സമയം നിശ്ചയിച്ച് നൽകുന്നതിൽ സംഘാടകർ വരുത്തിയ പിഴവ് അനുഭവിച്ചത് ആഭരണങ്ങളും മിന്നുന്ന വസ്ത്രങ്ങളുമിട്ട് വേദിയിലെത്താൻ കാത്തിരുന്ന ഒപ്പനയ്ക്കുള്ള മത്സരാർത്ഥികളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |