
തിരുവനന്തപുരം: പാളയം മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കാനായി ഒഴിപ്പിച്ച കച്ചവടക്കാർക്ക് നൽകിയ താത്കാലിക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യമില്ലാതെ വന്നതോടെ കച്ചവടം നിലച്ചതായി പരാതി. വ്യാപാരികൾക്ക് സൗകര്യം നൽകാൻ കോടതി ഉത്തരവുണ്ടെങ്കിലും നഗരസഭ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭ നൽകിയ താത്കാലിക കെട്ടിടത്തിൽ സൗകര്യമില്ലാത്തതിനാൽ ചില കച്ചവടക്കാർ കെട്ടിടത്തിന് പുറത്ത് ഷെഡ് കെട്ടിയാണ് സാധനങ്ങൾ വില്പന നടത്തുന്നത്.ഇങ്ങനെ കച്ചവടം നടത്തുന്നവരിൽ നിന്നും മാർക്കറ്റിന്റെ കരാറുകാരൻ ദിവസവും വലിയ തുക ഈടാക്കുന്നുവെന്നാണ് കച്ചവടക്കാരുടെ പരാതി. പലവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പരാതി പറയാൻ പോകുന്നവരെ പ്രതിയാക്കുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതെന്നും വ്യാപാരികൾ പറയുന്നു.
കടമുറികൾ ഒഴിഞ്ഞുകിടക്കുന്നു
ഉപയോഗിക്കാത്ത മുറികളുടെ വാടക നൽകേണ്ടിവരുന്നത് കച്ചവടക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നാലുമാസം മുമ്പാണ് പുതിയ കോംപ്ളക്സിന്റെ നിർമ്മാണത്തിനായി പാളയം മാർക്കറ്റിലെ കച്ചവടക്കാരെ ഒഴിപ്പിച്ചത്. കടകൾ മാറ്റിസ്ഥാപിക്കുന്നതിനായി കോർപ്പറേഷൻ താത്കാലിക കെട്ടിടം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. മാർക്കറ്റിൽ ഏകദേശം മുന്നൂറ്റിപ്പത്ത് കടകളുണ്ടായിരുന്നു. അതിൽ ഇരുന്നൂറ്റി എഴുപത് കടകളിൽ കച്ചവടം നടത്തിയിരുന്നു. എന്നാലിപ്പോൾ കോർപ്പറേഷൻ നൽകിയ മൂന്നുനില താത്കാലിക കെട്ടിടത്തിൽ ഇരുപത്തിയഞ്ച് കടകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ള കടകൾ കച്ചവടക്കാർ വാടക കൊടുത്ത് വെറുതെ അടച്ചിട്ടിരിക്കുകയാണ്. സ്വന്തമായി കടയുണ്ടായിരുന്ന പലരുമിന്ന് മറ്റുകടകളിൽ ജോലിക്ക് നിൽക്കുന്ന സ്ഥിതിയാണെന്ന് കച്ചവടക്കാർ പറയുന്നു.
താത്കാലിക കെട്ടിടത്തിന്റെ അവസ്ഥ
ശൗചാലയങ്ങൾ വൃത്തിയാക്കുന്നില്ല
കുടിവെള്ളം ലഭ്യമല്ല
സി.സി.ടി.വി പ്രവർത്തനരഹിതം
സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വഴിസൗകര്യമില്ല
കടമുറികളിൽ വായുസഞ്ചാരമില്ല
മോഷണം, ഗുണ്ടാവിളയാട്ടം
രാത്രിയുടെ മറവിൽ മത്സ്യമോഷണം നടക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. വിലകൂടിയ മത്സ്യങ്ങളാണ് മോഷണം പോകുന്നത്. ഒഴിഞ്ഞുകിടക്കുന്ന കടമുറികളിൽ രാത്രിയിൽ ഗുണ്ടകളുടെ മദ്യപാനവും അനാശാസ്യപ്രവർത്തനങ്ങളും പതിവാണെന്നും ആക്ഷേപമുണ്ട്.
കമ്മിഷണർ ഓഫീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുൻപ് പൊലീസ് വന്നുപോകുമായിരുന്നെങ്കിൽ ഇപ്പോൾ അതുമില്ലാത്ത അവസ്ഥയാണ്.
റജാസ്, കണ്ണിമേറ മർച്ചന്റ് അസോ.സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |