
ചെന്നൈ: വീണ്ടും സംസ്ഥാന പര്യടനത്തിനിറങ്ങാൻ തീരുമാനിച്ച് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയിന് തിരിച്ചടി. സേലത്ത് അടുത്തമാസം 4ന് വൻപൊതുയോഗം നടത്താനായിരുന്നു ടി.വി.കെ തീരുമാനം. പക്ഷെ, പൊലീസ് കൈയോടെ അനുമതി നിഷേധിച്ചു.
കാർത്തിക ദീപവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കേണ്ടതിനാൽ അനുമതി നൽകാനാകില്ലെന്നാണ് പൊലീസ് അറിയിച്ചത്. മറ്റൊരു തീയതി കാണിച്ച് വീണ്ടും പൊലീസിന്റെ അനുമതിക്കായി ടി.വി.കെ കത്ത് നൽകും. ആഴ്ചയിൽ നാല് യോഗങ്ങൾ നടത്താനാണ് തീരുമാനം. അതേസമയം പൊതുനിരത്തുകളിൽ ജനത്തെ ഇളക്കി മറിക്കുന്ന വിധത്തിലുള്ള റാലികൾ തൽക്കാലം ഉണ്ടാകില്ല.
കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായതോടെയാണ് വിജയ്ക്ക് സംസ്ഥാനപര്യടനം നിർത്തിവയ്‌ക്കേണ്ടി വന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയപാർട്ടികളുടെ റാലിക്ക് പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെയാണ് സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടി ടി.വി.കെ നേതാക്കൾ പൊലീസിനെ സമീപിച്ചത്.
സേലത്ത് മൂന്ന് സ്ഥലങ്ങൾ ടി.വി.കെ പാർട്ടി പരിപാടിക്കായി നിവേദനത്തിൽ നിർദേശിച്ചിരുന്നു. കഴിഞ്ഞ പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് സംസ്ഥാന പ്രചാരണം വിജയ് പുനരാരംഭിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത്.
ജനനായകൻ ജനുവരി 9ന്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിയ് ചിത്രം ജനനായകൻ ജനുവരി 9ന് റിലീസ് ചെയ്യും. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള സിനിമയാണിത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയ്‌ക്ക് മുതൽകൂട്ടാകുന്ന ചേരുവകൾ അടങ്ങിയ ചിത്രമാണിത്.
വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യെ അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ജനനായകൻ സിനിമയുടെ പോസ്റ്റർ എത്തിയിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. താടിയും പിരിച്ചുവെച്ച മീശയുമുള്ള വിജയ് സൺഗ്ലാസ് ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നെഞ്ചിൽ കൈവെച്ചുകൊണ്ട് ആരാധനയോടെ നോക്കുന്ന ആളുകളേയും കാണാം. പോസ്റ്ററിനെ അനുകൂലിച്ചു പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകളും കൊഴുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |