
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ അടിയന്തര പാർട്ടി നടപടി വേണ്ടെന്ന തീരുമാനത്തിൽ സി.പി.എം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പത്മകുമാറിൻെ്റ അറസ്റ്റ് പാർട്ടിക്ക് പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ട്.എന്നാൽ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്താൽ പോലും അന്വേഷണത്തെ തള്ളിപ്പറയേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന
സെക്രട്ടേറിയറ്റിലെ ധാരണ.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ടു നൽകിയാൽ, പരിശോധിച്ച
ശേഷം നടപടി എടുക്കാം. ഇപ്പോൾ പത്മകുമാറിനെതിരെ നടപടിയെടുത്താൽ അദ്ദേഹം അന്വേഷണ സംഘത്തിന് നൽകുന്ന മൊഴി പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയുണ്ടാക്കും.. തെറ്റുകാർ ആരായാലും സംരക്ഷിക്കപ്പെടില്ലെന്ന സർക്കാർ നിലപാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടും.
സ്വർണ്ണക്കൊള്ള അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥർക്കപ്പുറം എത്തില്ലെന്നായിരുന്നു സി.പി.എമ്മിന് ആദ്യ ഘട്ടത്തിലുണ്ടായിരുന്ന വിശ്വാസം. പത്മകുമാറിന്റെ അറസ്‌റ്റോടെ, കടകംപള്ളിയെ ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയുണ്ട്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന പതിവ് നിലപാട് കൊണ്ടു മാത്രം ശക്തമായ പ്രതിരോധ കവചം തീർക്കാനാവില്ലെന്ന തിരിച്ചറിവിലാണ് പാർട്ടി. കടകംപള്ളിയെ ചോദ്യം ചെയ്താൽ അത് സി.പി.എമ്മിന് നേരിട്ട് ഏൽക്കുന്ന പ്രഹരമാകും.
ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സി.പി.എമ്മും പാർട്ടിയും മുന്നിട്ടിറങ്ങിയപ്പോൾ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നു. അതിനാൽ പത്മകുമാർ ഇപ്പോൾ എന്തു പറഞ്ഞാലും അതിന് പ്രാധാന്യമുണ്ട്. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് സർക്കാരിനെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ പത്മകുമാർ മുതിർന്നാൽ വിശ്വാസികൾക്കു മുന്നിൽ സി.പി.എമ്മും സർക്കാരും പ്രതിക്കൂട്ടിലാകും. അതു കൊണ്ടാണ് അടിയന്തര നടപടി വേണ്ടെന്ന നിലപാടിൽ സി.പി.എം എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |