
ശബരിമല: ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി രൂപീകരിച്ച സ്‌പോൺസർഷിപ്പ് കോ-ഓർഡിനേറ്റർമാരെ പിരിച്ചുവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്.അരുൺ , ദേവസ്വം ഫോട്ടോഗ്രാഫർ ഉണ്ണി (പി.വിജയകുമാർ ) എന്നിവരെയാണ് മാറ്റിയത്. കഴിഞ്ഞ ബോർഡിന്റെ കാലത്ത് ജൂലായ് രണ്ടിനാണ് ഇവരെ നിയമിച്ചത്. ശബരിമലയുടെ പേരിൽ സ്പോൺസർമാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ അനധികൃത പണപ്പിരിവ് നടത്തുന്നത് തടയാനാണ് നിയമനമെന്ന് ദേവസ്വം ബോർഡ് അന്ന് പറഞ്ഞിരുന്നു. പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ താത്പര്യ പ്രകാരമായിരുന്നു നിയമനം. ദക്ഷിണേന്ത്യയിലെ വ്യാപാരികളും വ്യവസായികളുമായ അയ്യപ്പഭക്തരെ കണ്ടെത്തി ഫണ്ട് ശേഖരിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. എന്നാൽ ഇവർക്ക് കാര്യപ്രാപ്തിയില്ലെന്നും പ്രവർത്തനം സുതാര്യമാകില്ലെന്നും അന്നേ ആരോപണമുണ്ടായി. ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും ഭക്തർക്കിടയിലും നിയമനത്തിൽ അമർഷമുണ്ടായിരുന്നു.
സ്‌പോൺസർഷിപ്പിന്റെ പേരിൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ള പുറത്തുവന്നതോടെയാണ് ഇവരെ പിരിച്ചുവിട്ടത്. സ്‌പോൺസർഷിപ്പിന് ഇടനിലക്കാരുടെ ആവശ്യമില്ലെന്ന് പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കിയിരുന്നു. സ്‌പോൺസർഷിപ്പിന് തയ്യാറാകുന്നവർ ബോർഡുമായി നേരിട്ട് സംസാരിക്കണമെന്നും സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |