തിരുവനന്തപുരം: വാടകവീട് ഒഴിയണമെന്ന ആവശ്യം നിരസിച്ചതോടെ പൊലീസിൽ പരാതി നൽകിയ വീട്ടുടമയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ സ്ത്രീ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്‌തു.
തൃക്കണ്ണാപുരം പുല്ലവിളാകം വീട്ടിൽ സോമരാജിനെ ആക്രമിച്ച കേസിലാണ് ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പാർവതി (33), പ്രാവച്ചമ്പലം കുളക്കോടിയൂർക്കോണം കോൺവന്റ് റോഡ് ആദിൽ മൻസിലിൽ ആദിൽ (22),പ്രാവച്ചമ്പലം പോപ്പുലർ ലൈൻ ഉസാമ മൻസിലിൽ മുഹമ്മദ് സുഹൈൽ (23),വള്ളക്കടവ് എയർ ഇന്ത്യാ നഗർ ടി.സി. 33775ൽ ഫാസിൽ (22) എന്നിവരെയാണ് പൂജപ്പുര പൊലീസ് പിടികൂടിയത്.
വാടകവീട് ഒഴിയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും മാറാത്തതിനെ തുടർന്നാണ് സോമരാജ് പൊലീസിൽ പരാതി നൽകിയത്. ഇയാളിൽ നിന്ന് പാർവതി പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നെന്നും പരാതിയിൽ പറയുന്നു. പാർവതി സുഹൃത്തായ സുഹൈലിന് 50,000 രൂപ നൽകുകയും വീട്ടുടമയെ കാണിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 13ന് സുഹൈലും സംഘവും വീട്ടിൽ അതിക്രമിച്ചുകയറി സോമരാജിനെ ആക്രമിച്ചു.
തലയ്ക്കും മുഖത്തും ചുറ്റിക കൊണ്ടുള്ള അടിയേറ്റുവീണ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ മുങ്ങി. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചത് ആരാണെന്ന് ആർക്കും മനസിലായിരുന്നില്ല. തുടർന്ന് പൂജപ്പുര പൊലീസിന് പ്രതികൾ എത്തിയ സ്‌കൂട്ടറിനെക്കുറിച്ച് വിവരം ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൂജപ്പുര സി.ഐ ഷാജിമോൻ, എസ്.ഐ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |