തോപ്പുംപടി: ഒരുകാലത്ത് മലയാളികളുടെ അഭിമാനമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രതിസന്ധിയുടെ നടുക്കടലിൽ. സംസ്ഥാനത്ത് ആകെ അവശേഷിക്കുന്നത് 45 ബ്രാഞ്ചുകൾ മാത്രം. ജീവനക്കാരുടെ കുറവ് മൂലമാണ് ഓരോ ബ്രാഞ്ചും പൂട്ടുന്നത്. എറണാകുളം ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ബോട്ട്ജെട്ടിയിലെ ഇന്ത്യൻ കോഫി ഹൗസ് മാത്രം. കാക്കനാട്, ഹൈക്കോടതി, കാഞ്ഞിരമറ്റം, അങ്കമാലി, മറ്റൂർ തുടങ്ങിയ ബ്രാഞ്ചുകൾ എല്ലാം പൂട്ടി. കൊവിഡിന് മുമ്പ് നൂറിലേറെ ശാഖകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫി ഹൗസ് മലയാളികളുടെ പ്രിയപ്പെട്ട ഗൃഹാതുര സ്മരണകളിലൊന്നാണ്. പൊതുജനങ്ങൾ നെഞ്ചോട് ചേർത്ത കോഫി ഹൗസ് ഒന്നൊന്നായി പൂട്ടുന്നതിൽ സങ്കടപ്പെടുന്ന ആയിരങ്ങളുണ്ട്. വിഭവങ്ങളുടെ പ്രത്യേകതകളും വിളമ്പുന്നവരുടെ രാജകീയ പരിവേഷവും രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്.
2017ന് ശേഷം ആശ്രിത നിയമനങ്ങൾ നടക്കുന്നില്ല. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തിയാണ് ജീവനക്കാരെ നിയമിക്കുന്നത്. 8 മണിക്കൂർ ജോലിക്ക് 10,000 മുതൽ 15,000 വരെയാണ് ജീവനക്കാരുടെ മാസവേതനം. ടിപ്പ് കിട്ടുന്ന പൈസ ബോക്സിൽ നിക്ഷേപിക്കണം. അതിൽ നിന്നാണ് ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്. യൂണിഫോമും അലക്ക് കൂലിയും സ്ഥാപനം നൽകും. കൂടാതെ ജീവനക്കാർക്ക് ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി, ബോണസ്, പി.എഫ് എന്നിവയും നൽകി വരുന്നു. റിട്ടയർ ചെയ്തവർക്ക് വീണ്ടും ജോലിയിൽ അവസരമുണ്ട്. പ്രതിദിനം 700 രൂപ മാത്രം.
വേക്കൻസി അനുസരിച്ച് പ്രമോഷൻ ടെസ്റ്റ് നടത്തിയാണ് സ്ഥാനക്കയറ്റം. ചെറിയ ശാഖകളിൽ മിനിമം 20 ജീവനക്കാരുണ്ടാകും. തിരുവനന്തപുരം തമ്പാനൂരിൽ 90 ഓളം പേരുണ്ട്.
കുറഞ്ഞ ചെലവിൽ, മികച്ച ഗുണത്തിൽ ഭക്ഷണം ലഭിക്കുന്ന ഇടമാണ് ഇന്ത്യൻ കോഫി ഹൗസ് . ഊണിന് 78 രൂപയും മസാല ദോശയ്ക്ക് 75 രൂപയും ചായയ്ക്ക് 11 രൂപയും കോഫിക്ക് 22 രൂപയുമാണ് നിരക്ക്.
തമ്പാനൂരിൽ മാത്രം ഒരു ദിവസത്തെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയാണ്.
പഴയതു പോലെ ഇന്ത്യൻ കോഫി ഹൗസിന് സംസ്ഥാനത്ത് കൂടുതൽ ബ്രാഞ്ചുകൾ വരണം. കൂടുതൽ ജീവനക്കാരെ നിയമിക്കാനും സത്വര നടപടികൾ സ്വീകരിക്കണം.
സി.എ. ബാലകൃഷ്ണൻ
തെക്കൻ മേഖലാ
ജനറൽ മാനേജർ
ഇന്ത്യൻ കോഫി ഹൗസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |