
കോട്ടയം : കുമരകത്തെപ്പോഴും ശക്തമായ ഇടതുകാറ്റാണെങ്കിലും മാറി വീശിയ ചരിത്രവുമുണ്ട്. ആ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കരുത്തനായ യുവമുഖത്തെ ഇറക്കുന്നത്. വിജയമുറപ്പിച്ച് ഇടതുമുന്നണി കളത്തിലിറങ്ങുമ്പോൾ ചുരുങ്ങിയ കാലം കൊണ്ട് മികച്ച ജനപ്രതിനിധി എന്ന പേരെടുത്ത കരുത്തനെ തന്നെ യു.ഡി.എഫ് കളത്തിലിറക്കി. വ്യക്തിബന്ധമുള്ള നേതാവിനെയാണ് ഇക്കുറി എൻ.ഡി.എ പരീക്ഷിക്കുന്നത്. എൽ.ഡി.എഫിനായി സി.പി.എമ്മിലെ അഡ്വ. എസ്. അംഗിരസും, യു.ഡി.എഫിനായി യൂത്ത് കോൺഗ്രസ് നേതാവ് പി.കെ വൈശാഖും, എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസിലെ പി.വി. സാന്റപ്പനും പ്രചാരണപ്പോരിലാണ്.
കുമരകം, തിരുവാർപ്പ് പഞ്ചാത്തുകൾ പൂർണമായും അയ്മനം പഞ്ചായത്ത് ഭാഗികമായും ഉൾക്കൊള്ളുന്നതാണ് കുമരകം ഡിവിഷൻ. മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി.എം. കർഷകരും കർഷക തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഡിവിഷനിൽ വിനോദ സഞ്ചാരവും വിധി നിർണയിക്കുന്ന ഘടകമാണ്. കഴിഞ്ഞ തവണ 4494 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ കെ.വി.ബിന്ദു വിജയിക്കുന്നത്. ബിന്ദു പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കോൺഗ്രസിനും ബി.ജെ.പിയ്ക്കും വോട്ട് ബാങ്കുള്ള ഡിവിഷനാണെങ്കിലും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൂർണ തോതിൽ പ്രതിഫലിക്കാറില്ല. മുൻപ് കോൺഗ്രസ് ബീനാ ബിനുവിലൂടെ ഇവിടെ അട്ടിമറി വിജയം നേടിയിട്ടുണ്ട്.
അങ്കത്തിന് യുവഅഭിഭാഷകൻ
യുവജന സംഘടനാ പ്രവർത്തനത്തിലെ വിപുലമായ ബന്ധങ്ങളാണ് എസ്. അംഗിരസിന്റെ കരുത്ത്. ജില്ലാ കോടതിയിൽ അഭിഭാഷകനും ഡി.വൈ.എഫ്.ഐ കുമരകം നോർത്ത് മേഖലാ ട്രഷററുമാണ്. പ്രസിഡന്റിന്റെയും ചുമതലവഹിക്കുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്. കുമരകം നേച്ചർ ക്ളബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രവർത്തകനാണ്.
ജനപ്രതിനിധിയായി തിളങ്ങിയ വൈശാഖ്
26-ാം വയസിൽ കന്നി മത്സരത്തിൽ കസറുന്ന വിജയം നേടിയ പി.കെ.വൈശാഖ് 2015 ൽ കുറിച്ചിയിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലെത്തിയത്. ചാന്നാനിക്കാട് പി.ജി. രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീനാരായണ കോളേജ് യൂണിയൻ ചെയർമാൻ, മാഗസിൻ എഡിറ്റർ, രണ്ടുതവണ എം.ജി സർവകലാശാല യൂണിയൻ കൗൺസിലർ, സർവകലാശാല യൂണിയൻ എക്സിക്യുട്ടീവംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമരങ്ങളിൽ 2 തവണ ജയിൽവാസം. ഗാന്ധിജി സാമൂഹ സാക്ഷരിക കേന്ദ്രയുടെ ബെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവുമാണ്. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ കൂടിയാണ്.
കന്നി മത്സരത്തിൽ കരുത്തറിയിക്കാൻ
കുമരകത്ത് പി.വി.സാന്റപ്പനെന്ന പുതുമുഖത്തെ ബി.ഡി.ജെ.എസ് ഇറക്കുന്നത് കരുത്തറിയിക്കാനാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും തലപ്പത്ത് നിന്ന് പ്രവർത്തിക്കുന്ന സാന്റപ്പന് വിപുലമായ വ്യക്തി ബന്ധമുണ്ട്. എസ്.എൻ.ഡി.പി യോഗം വിരിപ്പുകാല ശാഖാ പ്രസിഡന്റാണ്. കവണാറ്റിൻകര ടൂറിസം ജലമേള ട്രഷറർ,
മണിയാപറമ്പ് ജലമേള കമ്മിറ്റിയംഗം, ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി കമ്മിറ്റി അംഗം, വിരിപ്പുകാല പദയാത്ര സമിതി രക്ഷാധികാരി, കുമരകം എസ്.എൻ കോളേജ് ആർ.ഡി.സി കമ്മിറ്റി ജോയിൻ കൺവീനർ, ബി.ഡി.ജെ.എസ് ഏറ്റുമാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ടൂറിസം, കാർഷിക മേഖലകളിൽ നിറസാന്നിദ്ധ്യമാണ്
നിർണായകം
ഇടതുപക്ഷസംഘടനകളുടെ ശക്തി കേന്ദ്രം
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യക്തി ബന്ധം
ഭരണവിരുദ്ധ വികാരം, കാർഷിക പ്രശ്നങ്ങൾ
ഈഴവ സമുദായത്തിന്റെ പ്രബലസ്വാധീനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |