
കോട്ടയം : ഇസ്തിരിയും ഇലക്ഷനും തമ്മിൽ പ്രഥമദൃഷ്ട്യാ ബന്ധവുമില്ലെങ്കിലും ഇസ്തിരിക്കടയിലെ തിരക്ക് കാണുമ്പോഴറിയാം ഇലക്ഷനുമായുള്ള ബന്ധം. പശമുക്കി തേച്ചെടുത്ത മുണ്ടും ഷർട്ടും ധരിച്ചു പോയാൽ മാത്രമേ നാട്ടുകാരുടെ മനസിളക്കി വോട്ട് വാങ്ങാൻ കഴിയൂവെന്നതിനാൽ തേപ്പുകടകൾക്ക് ചുറ്റുമാണ് ഇപ്പോൾ സ്ഥാനാർത്ഥികൾ. ഓരോ വാർഡിലും സ്ഥാനാർത്ഥികളുള്ളതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിനോടാണ് തേപ്പുകടക്കാർക്ക് പ്രിയം. തേപ്പുകടകളുടെ സേവനം തേടുന്നവരിൽ പാർട്ടി വ്യത്യാസമില്ല. ഖദറും കളറുമെല്ലാം അതിൽപ്പെടും. എന്നാൽ വോട്ടു പിടിക്കുന്നതിലും പ്രയാസമാണ് പശമുക്കിയ കട്ടിത്തുണി തേച്ചെടുക്കുന്നതെന്നാണ് കടക്കാരുടെ പക്ഷം. കടുംപിടുത്തക്കാരായ ചില വോട്ടർമാരെ പോലെയാണത്രേ പശമുക്കിയ തുണിയും. പിടി തരുകയേ ഇല്ല. അലക്കിയെടുത്ത തുണി ചൗവ്വരി പശയിൽ മുക്കിയുണങ്ങിയെടുക്കണം. തുണി വലിച്ചു നിവർത്തി, വെള്ളം തൂവി സൗമ്യമാക്കണം. ചൂടാക്കിയ ഇസ്തിരിപ്പെട്ടി തുണിക്ക് മുകളിൽ തലങ്ങും വിലങ്ങും പായിച്ച് വെടിപ്പാക്കണം. അൽപ്പം പണിപ്പെട്ടാലും കുഴപ്പമില്ല, കാര്യങ്ങൾ ഭംഗിയാകണമെന്നേ കടക്കാർക്കുമുള്ളൂ. ആവശ്യക്കാരേറിയെങ്കിലും കൂലിയിൽ മാറ്റം വരുത്തിയിട്ടില്ല. ആഴ്ചയിൽ 20 മുതൽ 40 ജോഡിവരെ വസ്ത്രങ്ങൾ ഓരോ സ്ഥാനാർത്ഥിക്കും വേണം. ദിവസവും മൂന്ന് തവണയെങ്കിലും സ്ഥാനാർത്ഥികൾ ഷർട്ടും മുണ്ടും മാറും. പ്രവർത്തകരാണ് അലക്കാനുള്ള തുണികൾ എത്തിക്കുക.
ഷർട്ട് തേപ്പുകൂലി
അലക്കി പശമുക്കി തേക്കാൻ : 90
പശമുക്കി തേച്ചു കിട്ടാൻ : 50
തേച്ചു കിട്ടാൻ മാത്രം : 20
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |