മാള: മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒമ്പത് മാസം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനാൽ ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരെ പ്രതിയാക്കി സമർപ്പിച്ച കോടതി അലക്ഷ്യഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ട് വർഷം മുമ്പ് ഉദ്ഘാടനം നടന്നെങ്കിലും പുതിയ സ്റ്റാഫ് തസ്തികകൾക്ക് ധനകാര്യ വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തത് മൂലം ഇനിയും പ്രവർത്തനം ആരംഭിക്കാതെ തുടരുകയാണ്. മഠത്തുംപടി - പൊയ്യ ഗ്രൂപ്പ് വില്ലേജിനിടയിലെ ദൂരം നിവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് പുതിയ സ്മാർട്ട് ഓഫീസ് നിർമിച്ചത്. 44 ലക്ഷം ചെലവിൽ നിർമിതി കേന്ദ്രം നിർമിച്ച 1861 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ സ്വീകരണ വരാന്ത, വില്ലേജ് ഓഫീസർ മുറി, റെക്കാഡ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി, അംഗപരിമിതർക്കുള്ള പ്രത്യേക സൗകര്യം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹൈക്കോടതി നേരത്തെ രണ്ട് മാസത്തിനകം പ്രശ്‌നപരിഹാരം കണ്ടെത്താൻ സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ അധികസമയം ആവശ്യപ്പെട്ടിരുന്നു. പ്രവർത്തനം ആരംഭിക്കാത്തതിനാലാണ് കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചതെന്ന് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |