
60 ശതമാനം ഇനിയും ബാക്കിയെന്ന് അനൗദ്യോഗിക കണക്ക്
കണ്ണൂർ: എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാൻ എട്ടു ദിവസം മാത്രം ബാക്കി നിൽക്കെ നെട്ടോട്ടമോടി ജില്ലയിലെ ബി.എൽ.ഒമാർ. ഔദ്യോഗിക റിപ്പോർട്ടുകളിൽ എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് കളക്ടർ സാക്ഷ്യപ്പെടുത്തുമ്പോഴും രാപകൽ ഭേദമില്ലാതെ പരക്കം പാച്ചിലിലാണ് ബി.എൽ.ഒമാർ.
ഡിസംബർ നാലാണ് നടപടികൾ പൂർത്തിയാക്കി ഓൺലൈനിൽ അപ്ലോഡ് ചെയ്യാനുള്ള അവസാന തീയ്യതി. എന്നാൽ ഇതുവരെയും ജില്ലയിലെ പല ബൂത്തുകളിലും കളക്ഷൻ പ്രക്രിയകൾ പോലും പൂർത്തിയായിട്ടില്ല. ആയിരം മുതൽ 1500 വരെയാണ് ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം. ഇതിൽ 600 പേർ വരെ ഫോമുകൾ തിരിച്ചേൽപ്പിച്ചില്ലെന്ന് ബി.എൽ.ഒ മാർ പറയുന്നു. പല വീടുകളിലും നൽകിയിട്ടുള്ള ഫോമുകൾ തിരിച്ചെടുക്കാൻ പോകുമ്പോഴാണ് പൂരിപ്പിച്ചിട്ടില്ലെന്ന് കാണുന്നത്. നാലു പേരുള്ള ഒരു വീട്ടിലാണെങ്കിൽ 25 മിനുട്ട് വരെ ഇത്തരത്തിൽ നഷ്ടമാകും. ഇങ്ങനെ കളക്ട് ചെയ്യുന്നവ ഓൺലൈനിൽ രേഖപ്പെടുത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കടമ്പ. ഇപ്പോഴും 30 മുതൽ 50 വരെയുള്ളവരുടെ വിവരങ്ങൾ മാത്രം അപ്ലോഡ് ചെയ്ത ബി.എൽ.ഒ മാർ ജില്ലയിലുണ്ട്. ഇനിയുള്ള ചുരുക്കം ദിവസങ്ങളിൽ ബാക്കിയുള്ള 1500 ഓളം പേരെ എങ്ങനെ ഓൺലൈനിൽ എത്തിക്കുമെന്നാണ് ഇവരുടെ മറ്റൊരു ആശങ്ക. കണ്ണൂർ ജില്ലയിൽ 1828 ബി.എൽ.ഒമാരാണുള്ളത്.
ആപ്പായി ബി.എൽ.ഒ ആപ്പ്
ഡിസ്ട്രിബ്യൂഷൻ, കളക്ഷൻ, ഓൺലൈൻ പ്രൊസസ് എന്നിങ്ങനെയാണ് നടപടിക്രമങ്ങൾ. ഇതിന് എല്ലാത്തിനും വേണ്ടുന്നതും, അവസാനം വിവരങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യേണ്ടതും ബി.എൽ.ഒ ആപ്പ് വഴിയാണ്. എന്നാൽ ബി.എൽ.ഒ ആപ്പിന്റെ സർവർ ഡൗണാകുന്നത് പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാക്കുന്നു. ഇന്നലെ രാവിലെയും ആപ്പ് ഡൗണായി. നിരന്തരം ഇതിനെപ്പറ്റി പരാതി നൽകുന്നുണ്ടെങ്കിലും പരിഹരിക്കുന്നില്ലെന്ന് ബി.എൽ.ഒ മാർ പറയുന്നു.
ഗൗരവമറിയാതെ വോട്ടർമാർ
പല വോട്ടർമാക്കും ഇന്നും പ്രക്രിയയുടെ ഗൗരവം മനസിലായിട്ടില്ലെന്നും ബി.എൽ.ഒ മാർ പറയുന്നു. ഫോം പൂരിപ്പിച്ച് വയ്ക്കാൻ നൽകിയിട്ടും അത് ഗൗരവത്തിലെടുക്കാതെ ഒഴിവാക്കുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഇതിനിടയിൽ നിരന്തരം കളക്ട്രേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള തലങ്ങളിൽ നിന്നും വിളിച്ച് സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളും മനുഷ്യരാണെന്നാണ് ബി.എൽ.ഒ മാർ പറയുന്നത്.
എല്ലാം കൂടി ഒരാൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. നടപടികൾ പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് നിവേദനം നൽകിയിട്ടുണ്ട്. അത് പരിഗണിക്കുമെന്നാണ് ഉറച്ച വിശ്വാസം. അല്ലാതെ ഡിസംബർ നാലിന് മുന്നെ പൂർത്തിയാകില്ല. ടി രമേശൻ പിണറായി (ബി.എൽ.ഒ കൂട്ടായ്മ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |