പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്, കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും, കാസർകോട് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക. തിരുവനന്തപുരം കോർപ്പറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർകോട് മുൻസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലുമാണ് വിവരങ്ങൾ ഉൾപ്പെടുത്തുക. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ധാരാളം തമിഴ് വോട്ടർമാരുമുണ്ട്. ജില്ലയിൽ ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിലാണ് തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുള്ളത്. ഇവിടങ്ങളിലെല്ലാം ബാലറ്റ് പേപ്പറിലും ലേബലിലും സ്ഥാനാർത്ഥിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ് ഭാഷയിൽ കൂടി ഉൾപ്പെടുത്തും. ഇതിനു പുറമേ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യൻകാവ് പഞ്ചായത്തുകളിലായി അഞ്ച് വീതം വാർഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും ഇടുക്കിയിലെ 22 പഞ്ചായത്തുകളിലായി 229 വാർഡിലും, വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും തമിഴ് ഭാഷയിൽ വിവരങ്ങൾ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. കാസർകോട് 18 പഞ്ചായത്തുകളിലായി 283 വാർഡുകളിലെ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയിൽ കൂടി അച്ചടിക്കും. ഈ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ബ്‌ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളിൽ കൂടി വിവരങ്ങൾ അച്ചടിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |