തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനു സമീപമുള്ള റോഡരികിൽ, വെട്ടിയിട്ടിരിക്കുന്ന മരച്ചില്ല അപകട ഭീഷണിയാകുന്നു. പേട്ട ഹെൽത്ത് സെന്ററിന്റെ മുന്നിലായാണ് കഴിഞ്ഞ രണ്ടുമാസമായി മരച്ചില്ല കിടക്കുന്നത്.
പാർക്കിംഗിനും കാൽനടയാത്രയ്ക്കും ഇതു തടസമാവുകയാണ്.
മഴക്കാലത്ത് ഒടിഞ്ഞ് വീഴാറായ മാവിന്റെ ചില്ലകൾ,അപകടഭീഷണി കണ്ട് നഗരസഭ മുറിച്ചു മാറ്രുകയായിരുന്നു.എന്നാൽ മുറിച്ചുമാറ്റിയ ചില്ല നീക്കം ചെയ്യാതെ റോഡിൽ തന്നെയിട്ട് അധികൃതർ മടങ്ങി. ഇതോടെ യാത്രക്കാരുടെ ദുരിതം തുടങ്ങി.
റെയിൽവേ യാത്രക്കാരുടെയടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡിൽ മരച്ചില്ല കിടക്കുന്നതിനാൽ, വാഹനങ്ങൾ കടന്നുപോകാനും പ്രയാസമേറെയാണ്. ഇതോടെ ഇവിടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുമുണ്ട്.
രാവിലെ ഹെൽത്ത് സെന്ററിലേക്കും സമീപത്തെ നഴ്സറിയിലേക്കും വരുന്നവർക്കും റെയിൽവേ യാത്രക്കാർക്കും വൈകിട്ട് പാർക്കിലേക്ക് കുട്ടികളുമായി എത്തുന്നവർക്കും യാത്രാതടസം സൃഷ്ടിക്കുകയാണ് ഈ മരച്ചില്ല. നഗരസഭ അധികൃതർ എത്രയും പെട്ടെന്ന് മരച്ചില്ല നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഉദ്യോഗസ്ഥർക്കും തടസം
രാവിലെ ട്രെയിനിൽ വന്നിറങ്ങുന്ന സെക്രട്ടേറിയറ്ര്,കളക്ടറേറ്റ്,നിയമസഭ മന്ദിരം,കുടപ്പനക്കുന്ന് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസ് ഈ സ്ഥലത്തായിരുന്നു മുൻപ് നിറുത്തിയിട്ടിരുന്നത്. മരച്ചില്ല കിടക്കുന്നതിനാൽ ഇതിനും തടസമായി. ഇതോടെ പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്താണ് ബസ് നിറുത്തിയിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |