കൊയിലാണ്ടി: കൗമാര കലാകാരന്മാരുടെ സർഗകലാമികവിൻ്റെ സംഗമമായ 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കലയുടെ അഞ്ച് സുന്ദരദിനരാത്രങ്ങൾ കൊയിലാണ്ടിയ്ക്ക് സമ്മാനിച്ചാണ് കൗമാരത്തിന്റെ കലാ മാമാങ്കം അരങ്ങേറിയത്. നഗരത്തിലെ 22 വേദികളിൽ 17 ഉപജില്ലകളിൽ നിന്നായി യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 13,000 ത്തോളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരച്ചു. രചനാമത്സരങ്ങളിൽ മാത്രം 1,300 മത്സരാർത്ഥികൾ പങ്കാളികളായി. വിധികർത്താക്കൾക്കെതിരെയുള്ള പ്രതിഷേധവും സംഘർഷങ്ങളും വേദിയുണർന്നത് മുതൽ അവസാനിച്ചത് വരെയുണ്ടായെങ്കിലും ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കലോത്സവം വിസ്മയപ്പെടുത്തി. എല്ലാ മത്സരങ്ങളിലും നിറഞ്ഞ സദസുകളായിരുന്നു. പ്രത്യേകിച്ച് നാടക മത്സരങ്ങൾ നടന്ന വേദിയിൽ ജില്ലയുടെ പല ഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി.
സിറ്റി മുന്നിൽ
സ്കൂൾ കലോത്സവത്തിലെ കോഴിക്കോട് സിറ്റി ഉപജില്ലയുടെ ആധിപത്യം തുടരും 990 പോയിൻറുകളോടെ സിറ്റി ബഹുദൂരം മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള ചേവായൂരിന് 900 പോയിൻറുകളാണുള്ളത്. തോടന്നൂർ 894 പോയിൻറുമായി മൂന്നാമതും ബാലുശ്ശേരി 881 പോയിൻറോടെ നാലാം സ്ഥാനത്തും ആതിഥേയരായ കൊയിലാണ്ടി 872 പോയിൻറോടെ അഞ്ചാം സ്ഥാനത്തുമെത്തി.
സ്കൂളിൽ സിൽവർ ഹിൽസ്
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം ചൂടി മികച്ച വിദ്യാലയമായി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരട്ട കിരീടം ചൂടി വർഷങ്ങളായുള്ള ജൈത്രയാത്ര തുടരുകയാണ് സിൽവർഹിൽസ്. മത്സരിച്ച 90 ഇനങ്ങളിലും എ ഗ്രേഡ് നേടിയപ്പോൾ മുപ്പതോളം ഇനങ്ങൾ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി. 300 ൽപരം വിദ്യാർത്ഥികളാണ് 90 ഇനങ്ങളിലായി പങ്കെടുത്തത് . സംഘനൃത്തം എച്ച്.എസ്, എച്ച്.എസ്.എസ്, ഇരുള നൃത്തം എച്ച്.എസ്, എച്ച്.എസ്.എസ്, വൃന്ദവാദ്യം എച്ച്.എസ്.എസ്, പരിചമുട്ട് എച്ച്.എസ്.എസ്, സംഘഗാനം എച്ച്.എസ്.എസ്, തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും ഇരുപതിൽ അധികം വ്യക്തിഗത ഇനങ്ങളിലും സംസ്ഥാന തലത്തിലേക്ക് അർഹത നേടി.
യു.പി വിഭാഗത്തിൽ തോടന്നൂർ ഉപജില്ല
യു.പി. വിഭാഗത്തിൽ തോടന്നൂർ ഉപജില്ല 177 പോയൻ്റുമായി ജേതാക്കളായി. 174 വീതം പോയൻ്റുകളുമായി ഫറോക്ക്,ചേവായൂർ ഉപജില്ലകൾ രണ്ടാം സ്ഥാനം നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയൻ്റുകളുമായി കുന്നുമ്മൽ ഉപജില്ലയും യു.പി. വിഭാഗത്തിൽ 93 പോയൻ്റുകളുമായി പേരാമ്പ്ര ഉപജില്ലയും ജേതാക്കളായി. അറബി സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 95 വീതം പോയൻ്റുകൾ നേടി സിറ്റി, ഫറോക്ക്, കൊടുവള്ളി, തോടന്നൂർ, കുന്നുമ്മൽ ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി.വിഭാഗത്തിൽ 65 പോയൻ്റുകൾ വീതം നേടിയ ഏഴ് ഉപജില്ലകൾ ഒന്നാമതെത്തി.
സംസ്കൃതത്തിൽ തൃമധുരം നുണഞ്ഞ് ശിവഗംഗ
കൊയിലാണ്ടി: സംസ്കൃതത്തിൽ ശിവഗംഗക്ക് കിട്ടിയത് തൃമധുരം. സംസ്കൃത പദ്യം ചൊല്ലലിലും സംസ്കൃതഗാനാലാപനത്തിലും അഷ്ടപദിക്കും കൊയിലാണ്ടി പന്തലായനി സ്വദേശിയായ ശിവഗംഗ തന്നെ ഒന്നാമതെത്തി. തിരുവങ്ങൂർ എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാർത്ഥിനിയായ ശിവഗംഗ ഇല്ലായ്മകളെയും വല്ലായ്മകളെയും മറികടന്നാണ് മത്സരത്തിനെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളിയായ അച്ഛൻ നാഗരാജിൻറെയും കൊയിലാണ്ടി ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ അമ്മ ഷിജിനയുടെയും തുച്ഛമായ വരുമാനത്തിലാണ് പഠനവും കലാപഠനവും നിർവഹിക്കുന്നത്. സഹോദരി ശിവാംഗി എൽ.കെ.ജിക്കാരിയാണ്. സംസ്കൃത ഗാനാലാപനത്തിൽ ശിവഗംഗയുടെ സംഗീത ഗുരുവായ പാലക്കാട് പ്രേംരാജ് മാഷ് ചിട്ടപ്പെടുത്തിയ നീലയാമിനിയാണ് പാടിയത്. അഷ്ടപദി പഠിപ്പിച്ചത് കാവുംവട്ടം വരുൺ മാഷും ഇടയ്ക്ക അഭ്യസിപ്പിച്ചത് കാഞ്ഞിലശ്ശേരി വിനോദ് മാരാറുമാണ്. സംസ്ക്യത അദ്ധ്യാപകൻ രജിലേഷ് പുത്രമണ്ണിലാണ് സംസ്കൃത പദ്യം പഠിപ്പിച്ചത്.
കളിയല്ല, തല്ലുമാല
കോഴിക്കോട്: പൂരക്കളിയിൽ മത്സരഫലത്തിൽ തിരിമറി നടന്നെന്നാരോപിച്ച് 17 -ാംവേദിയിൽ വാക്കേറ്റവും ഉന്തും തള്ളും. ഹൈസ്ക്കൂൾ വിഭാഗം പൂരക്കളിയിൽ മത്സരഫല പ്രഖ്യാപനത്തിനു മുൻപ് ഫലമടങ്ങിയ കടലാസ് സ്റ്റേജിനുള്ളിലേക്ക് കൊണ്ടുപോയെന്നും ശേഷം മാർക്കിൽ തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു വാക്കേറ്റം. രാമനാട്ടുകര നിവേദിത വിദ്യാപീഠം സ്ക്കൂളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിധികർത്താക്കൾക്ക് നേരെ കയ്യേറ്റശ്രമമുണ്ടായതിനെ തുടർന്ന് വനിതാ വളണ്ടിയർമാർ കരവലയം തീർത്ത് സംരക്ഷണമൊരുക്കുകയായിരുന്നു. ഇതിനിടയിലും ചിലർ വിധികർത്താക്കളെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. പൂരക്കളിയിൽ വേണ്ട അടക്കം വെക്കൽ, ചിന്ത് എന്നിവ ഒന്നാം സ്ഥാനം നേടിയവർ കളിച്ചിട്ടില്ലെന്നും പത്തൊൻമ്പതര മിനിട്ട് അടക്കം വെച്ചും ചിന്തും കളിച്ച തങ്ങളെ മനപൂർവം തഴയുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഇത്തരത്തിൽ അട്ടിമറി നടന്നിരുന്നു. ഇത്തവണ ജഡ്ജസിന്റെ പക്കൽനിന്നും മത്സരഫലം ഒരു യുവതി സ്റ്റേജിനുള്ളിലേക്ക് വാങ്ങി കൊണ്ട് പോകുകയായിരുന്നെന്നും അതിന്റെ വീഡിയോ കൈവശമുണ്ടെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും പറഞ്ഞു. മത്സരത്തിൽ മേമുണ്ട എച്ച്.എസ്.എസ് വിജയികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |