ഗുരുവായൂർ: അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. അഷ്ടമി വിളക്ക് ദിനമായ ഇന്നലെ രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. ഏകാദശി വരെ ഇനി കനക പ്രഭയിലാകും എഴുന്നള്ളിപ്പ്. അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം എഴുന്നള്ളിച്ചു. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്കേ എഴുന്നള്ളിക്കാറുള്ളൂ. ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. ഗുരുവായൂരിലെ പുരാതന തറവാട്ടുകാരായ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. നവമി ദിവസമായ ഇന്ന് ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. കൊളാടി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഡോക്ടർ ജയകൃഷ്ണന്റെ പേരിലാണ് നവമി വിളക്ക് ആഘോഷിക്കുന്നത്. നാളെ ദശമി വിളക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകയാണ്. ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വം നേരിട്ടാണ് വിളക്കാഘോഷം നടത്തുന്നത്. ദശമി ദിവസമായ നാളെ രാവിലെ ക്ഷേത്ര നട തുറന്നാൽ പിന്നെ ഏകാദശിയും പിന്നിട്ട് ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ 9 ന് മാത്രമേ ക്ഷേത്രം നടയടക്കൂ.
ഗുരുവായൂർ ഏകാദശി : ഒരുക്കം പൂർണം
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ദേവസ്വം വക ഉദയാസ്തമയ പൂജയോടെ സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു. അന്ന് രാവിലെ ഏഴ് മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ദേവസ്വം വകയാണ് ചുറ്റുവിളക്ക്. ഏകാദശി ദിവസം ഉദയാസ്തമയ പൂജ മാറ്റിവെയ്ക്കുന്നത് ദേവന് ഹിതമാണെന്ന് തന്ത്രി രേഖാമൂലം ദേവസ്വം ഭരണസമിതിയെ അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി നിർദ്ദേശമുള്ളതിനാൽ പൂജ നടത്താൻ ഭരണസമിതി തീരുമാനിച്ചു. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിലെ ചടങ്ങുകൾക്ക് 17.05 ലക്ഷത്തിന്റെ എസ്റ്റിമേറ്റും മൂന്ന് ദിവസത്തെ പ്രസാദ ഊട്ടിന് 59.10 ലക്ഷത്തിന്റെ എസ്റ്റിമേറ്റിനും ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |