കാസർകോട്: കൂടത്തായി കൊലപാതക പരമ്പരയിൽ യു.ഡി.എഫിനെതിരെ വിമശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നെന്നും, അന്ന് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ബാക്കി കൊലപാതകങ്ങൾ തടയാമായിരുന്നെന്ന് കടകംപള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ യോഗത്തിൽവെച്ചാണ് മന്ത്രിയുടെ വിമർശനം.
2002നും 2016നും ഇടയിൽ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്. കൊലപാതക പരമ്പരയിൽ അന്നമ്മയുടെ മരണമായിരുന്നു ആദ്യത്തേത്.
2002ൽ അന്നമ്മ മരിച്ചപ്പോഴും 2008 ഭർത്താവ് ടോം തോമസ് മരിച്ചപ്പോഴും സ്വാഭാവിക മരണമായിരുന്നെന്നായിരുന്നു ധാരണ. അതിനാൽത്തന്നെ പോസ്റ്റ്മോർട്ടം പോലും ചെയ്തില്ല. തുടർന്ന് 2011ൽ റോയി തോമസ് മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും അന്നമ്മയുടെ സഹോദരൻ മാത്യു വാശിപിടിച്ചത് കൊണ്ട് മാത്രം പോസ്റ്റ്മോർട്ടം നടന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ ആ കേസ് അപ്പോൾ അവസാനിച്ചു. തുടർന്നുള്ള വർഷങ്ങളിലാണ് മാത്യുവും സിലിയും കുട്ടിയും മരിക്കുന്നത്. വർഷങ്ങൾക്കിപ്പുറം ടോം തോമസിന്റെ മകൻ റോജോ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ജോളിയുടെ ഭർത്താവായ ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ഒന്നരമണിക്കൂർ ചോദ്യ ചെയ്തിരുന്നു. ഷാജുവിനെതിരെ ജോളി നൽകിയ മൊഴിയാണ് അദ്ധ്യാപകനായ ഷാജുവിനെതിരെയുള്ള മുഖ്യ തെളിവുകളിലൊന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |