പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ അലിമുക്ക് ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി മാറുന്നു. ജംഗ്ഷനിലെ കൊടുംവളവിൽ അപകടസൂചന ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സുരക്ഷാ നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി
അടുത്തിടെ, അമിതവേഗതയിലെത്തിയ വാഹനങ്ങൾ 11 തവണയാണ് നിയന്ത്രണം വിട്ട് പാതയോരത്തെ നടപ്പാതയോട് ചേർന്ന ഇരുമ്പ് വേലി തകർത്ത് സമീപത്തെ എ-വൺ ചിപ്‌സ് കടയിൽ ഇടിച്ചുകയറി വ്യാപക നാശനഷ്ടം വരുത്തിയത്.
നടപ്പാതയിൽ തകർത്ത ഇരുമ്പ് വേലി പോലും പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാകാത്തത് സമീപത്തെ കടകൾക്ക് വീണ്ടും ഭീഷണിയായി മാറുകയാണ്.
നവീകരണത്തിലെ അപാകത
172 കോടിയോളം രൂപ ചെലവഴിച്ചാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നവീകരിച്ച് മോടിപിടിപ്പിച്ചത്. എന്നാൽ, സംസ്ഥാന പാതയുടെ നവീകരണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് മുഖ്യകാരണമെന്ന ആരോപണവും ശക്തമാണ്. ആധുനിക നിലവാരത്തിലുള്ള ടാറിംഗിലെ അപാകത മൂലം പല സ്ഥലങ്ങളിലും
വാഹനാപകടങ്ങൾ പതിവാണ്. റോഡിലെ ടാറിംഗിൽ നിന്ന് വാഹനങ്ങൾ തെറ്റി മാറുന്നത് കാരണമാണ് പല അപകടങ്ങളും ഉണ്ടാകുന്നത്. പുനലൂരിന് സമീപത്തെ ബോയിസ് ഹൈസ്കൂൾ, നെല്ലിപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സമാനമായി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടങ്ങളെ തുടർന്ന് ജില്ലാ കളക്ടർ ടാറിംഗിന്റെ ഗുണമേന്മ പരിശോധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ശബരിമല സീസൺ ആരംഭിച്ചിട്ടും തീർത്ഥാടകരുടെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |