
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ പിണറായി ഡിവിഷനിൽ ഇക്കുറി മൂന്ന് പുതുതലമുറ വനിതാ നേതാക്കൾ തമ്മിലാണ് പോരാട്ടം. പിണറായി, ധർമ്മടം, കൂടക്കടവ്, മുഴപ്പിലങ്ങാട്, പാലയാട്, പാറപ്രം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പുനഃസംഘടിത ഡിവിഷനിൽ 51 വാർഡുകളിലായി 64,512 വോട്ടർമാരുണ്ട്. മുൻ തിരഞ്ഞെടുപ്പിൽ ഭാഗമായിരുന്ന എരഞ്ഞോളി ഇപ്പോൾ കതിരൂർ ഡിവിഷനിലേക്ക് മാറി. 2020ൽ സി.പി.എം സ്ഥാനാർഥി കോങ്കി രവീന്ദ്രൻ 18,511 വോട്ടിന്റെ ഭീമൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
പിണറായി കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ സി.പി.എമ്മിന് കരുത്ത് കൂടുമെങ്കിലും മുഴപ്പിലങ്ങാട്, ധർമടം, പാലയാട് എന്നീ മേഖലകളിൽ കോൺഗ്രസിനും ശക്തമായ സാന്നിധ്യമുണ്ട്. ലീഗ് പ്രബലമായിരുന്ന മേഖലകളിൽ കഴിഞ്ഞ തവണ എസ്.ഡി.പിഐയുടെ കടന്നുകയറ്റം യു.ഡി.എഫിന്റെ വോട്ട് വിഭജിക്കാനിടയാക്കി.ധർമടത്ത് ബി.ജെ.പിക്കും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്.
മുഴപ്പിലങ്ങാട്, ധർമടം, പാലയാട് പ്രദേശങ്ങളിലെ കോൺഗ്രസ് അനുകൂല വോട്ടുകൾ പരമാവധി സമാഹരിക്കുകയും ന്യൂനപക്ഷ വോട്ട് വിഭജനം കുറയ്ക്കുകയും ചെയ്താൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.
ഇവർ അങ്കത്തട്ടിൽ
സി.പി.എം ജില്ലാകമ്മിറ്റി ,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ കെ.അനുശ്രീയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പിണറായി സ്വദേശിനിയായ ഈ 27കാരി എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ,കണ്ണൂർ സർവകലാശാല യൂണിയൻ ലേഡി വൈസ് ചെയർപേഴ്സൺ, സംസ്‌കൃത സർവകലാശാല യൂണിയൻ ചെയർപേഴ്സൺ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ആദ്യ വിദ്യാർത്ഥിയുമായിരുന്നു ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽനിന്ന് ബിരുദവും സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിൽനിന്ന് എം.എ ബിരുദവും നേടിയ അനുശ്രീക്ക് വിദ്യാർത്ഥി സമരങ്ങളിൽ ജയിൽവാസം അനുഭവിച്ച പശ്ചാത്തലവുമുണ്ട്.
ധർമടം മേലൂർ സ്വദേശിനിയായ ജ്യോതി ജഗദീഷാണ് യുഡി.എഫ്. സ്ഥാനാർത്ഥിതലശ്ശേരി ജില്ലാ കോടതിയിൽ .1997 മുതൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഇവർ തലശ്ശേരി ബാർ അസോസിയേഷന്റെ ആദ്യ വനിതാ സെക്രട്ടറിയായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും മംഗളൂരു സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടിയ ജ്യോതി ധർമടം മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം , ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, വെള്ളോഴുക്ക് വനിത സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പെരളശ്ശേരി ഐവർകുളം സ്വദേശിനിയായ അഖില വിപിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 2015ൽ വേങ്ങാട് ഡിവിഷനിലും കഴിഞ്ഞ തവണ പെരളശ്ശേരിയിലെ മൂന്നാം വാർഡിലും മത്സരിച്ചിരുന്നു. കൂടാളി വിവേകാനന്ദ വിദ്യാലയം അദ്ധ്യാപികയായിരുന്നു .നൃത്താദ്ധ്യാപിക. ഗായിക എന്നീ നിലകളിലും അറിയപ്പെടുന്ന കലാകാരിയാണ്. മഹിളാ മോർച്ച സൗത്ത് ജില്ലാ സെക്രട്ടറി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |