കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ നാടെങ്ങും പ്രചാരണച്ചൂടിൽ. സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകയറിയുളള പ്രചാരണം ഊർജ്ജിതപ്പെടുത്തി. പ്രചാരണത്തിന്റെ സ്ഥിതി എല്ലാ ദിവസവും വിലയിരുത്തി മുന്നണികളും. പോരായ്മ തിരുത്തിയും എതിരാളികളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുമാണ് പ്രവർത്തനം. സംസ്ഥാന, പ്രാദേശിക തലത്തിലുള്ള വികസനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥന. തദ്ദേശ സ്ഥാപനങ്ങളിൽ പൂർത്തിയാക്കിയ പദ്ധതികളുടെ പട്ടിക നിരത്തിയും പുതിയവ നടപ്പാക്കാൻ അവസരം തേടിയുമാണ് എൽ.ഡി.എഫ് വോട്ടുചോദിക്കുന്നത്. അതേസമയം വികസന മുരടിപ്പാണ് എതിരാളികളുടെ പ്രചാരണായുധം. കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണത്തിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞും അഴിമതി ഭരണമാണെന്ന് ആരോപിച്ചുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം. ഇതിനായി അവർ പ്രത്യേകം കുറ്റപത്രവുമിറക്കി. ഇത് നോട്ടീസായി അച്ചടിച്ച് വീടുകളിൽ വിതരണം ചെയ്യുന്നുമുണ്ട്. പി.എം. നിയാസാണ് യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി. നിയാസിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വ്യക്തിബന്ധത്തിനും പ്രാധാന്യമുള്ളതിനാൽ വീടുകളിലെത്തി വോട്ട് ചോദിക്കാനാണ് മുൻഗണന നൽകുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രാവിലെയും വെെകിട്ടും മാത്രമായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പ് അടുത്തതോടെ മുഴുവൻ സമയ പ്രചാരണത്തിലേക്കും സ്ഥാനാർത്ഥികൾ കടന്നു. അവധി ദിവസങ്ങളിൽ കൂടുതൽ സമയം പ്രചാരണത്തിന് ഉപയോഗിക്കുന്നു.
ഊർജ്ജം പകർന്ന് സംസ്ഥാന നേതാക്കൾ
കുടുംബയോഗങ്ങളും ബൂത്ത് കൺവെൻഷനുകളും തുടരുന്നതിനിടെ സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി ജില്ലയിലെത്തിയത് അണികളിൽ ആവേശം പകർന്നിട്ടുണ്ട്. സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി. വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.പ്രകാശ്ബാബു തുടങ്ങിയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
ചർച്ചയായി രാഹുൽ, ശബരിമല വിഷയങ്ങളും
തദ്ദേശ തിരഞ്ഞെടുപ്പിൽ സാധാരണ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയാകാറുള്ളത്. എന്നാൽ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലെെംഗിക പീഡന പരാതിയും ശബരിമല സ്വർണക്കൊള്ളയും ചർച്ചയാകുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയമാണ് കൂടുതൽ ഗൗരവമുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വ്യക്തിപരമാണെന്നും ശബരിമല സ്വർണക്കൊള്ളയാണ് പ്രധാനമെന്നും രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ പറയുന്നു.
കോഴിക്കോട് കോർപ്പറേഷൻ: യു.ഡി.എഫ് കുറ്റപത്രത്തിലെ ചോദ്യങ്ങൾ
മെട്രാേ, മോണോ റെയിലുകൾ എവിടെ?
ഇന്റർനാഷണൽ സ്റ്റേഡിയം എന്നുവരും?
ബേപ്പൂർ തുറമുഖ വികസനത്തിന് എന്തുപറ്റി?
സെെബർ പാർക്ക് വിപുലീകരണം എവിടെ?
കനാൽ സിറ്റി പദ്ധതിക്ക് അനക്കമില്ലാത്തതെന്ത്?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |