കൊല്ലം: കളക്ടറുടെ ഔദ്യോഗിക ഇ-മെയിലിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഇന്നലെ ലഭിച്ചത് പത്ത് മാസത്തിനിടെ ആറാമത്തെ ഭീഷണി സന്ദേശമാണ്. എല്ലാത്തിനും പിന്നിൽ ഒരാൾ തന്നെയെന്നാണ് നിഗമനം. ഇന്നലെ രാവിലെ പത്തോടെയാണ് ഭീഷണി മെയിൽ എത്തിയത്.
ഉച്ചയ്ക്ക് രണ്ടോടെ ആർ.ഡി.എക്സ് മിശ്രിതം ഉപയോഗിച്ചുള്ള നേരിയ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. തമിഴ്നാട് സ്വദേശിയായ വ്ലോഗറെ വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തുന്നതെന്നാണ് ഇംഗ്ലീഷിലുള്ള സന്ദേശത്തിൽ പറയുന്നത്.
നേരത്തേയുള്ള മൂന്ന് ഭീഷണി സന്ദേശങ്ങളിലും പറഞ്ഞിരുന്നവ തന്നെയാണ് ഇന്നലത്തെ സന്ദേശത്തിലുള്ള മറ്റുകാര്യങ്ങൾ. കളക്ടറേറ്റിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ കൊല്ലം എ.സി.പി ഷെരീഫിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമുള്ള സംഘം കളക്ടറേറ്റിൽ പരിശോധന നടത്തി. വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
വൈകിട്ട് മൂന്നര വരെ പരിശോധന തുടർന്നു. മാർച്ച് 18, ഏപ്രിൽ 24, മേയ് 20, സെപ്തംബർ 8 എന്നീ ദിവസങ്ങളിലാണ് നേരത്തെ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ആദ്യ ഭീഷണി വന്നത് മുതൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |