
ശബരിമല : ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പ്രധാനമാണ് അയ്യപ്പസ്വാമിയുടെ
അംഗരക്ഷകനും ഉറ്റതോഴനുമായ വാവരുസ്വാമി. അയ്യപ്പനെ കാണാൻ എത്തുന്ന തീർത്ഥാടകർ പതിനെട്ടാംപടിയ്ക്ക് താഴെയുള്ള വാവരുനടയും സന്ദർശിക്കുന്നു. ഇവിടെ തീർത്ഥാടകർക്ക് പ്രസാദമായി നൽകുന്നത് കൽക്കണ്ടവും കുരുമുളകുമാണ്. രുചിയിൽ മധുരവും എരിവും നിറത്തിൽ കറുപ്പും വെളുപ്പും നിറഞ്ഞ പ്രസാദമാണ് ഇവിടെ നൂറ്റാണ്ടുകളായി നൽകി വരുന്നതെന്ന് മുഖ്യകർമ്മി കെ.എസ്.നൗഷറുദ്ദീൻ മുസ്‌ലിയാർ പറഞ്ഞു. സിദ്ധനും വൈദികനുമായിരുന്നെന്ന് കരുതപ്പെടുന്ന വാവരുടെ ഓർമ്മയിലാണ് പ്രസാദ വിതരണം. ഇവിടെ നിന്ന് ഭക്തർക്ക് പ്രസാദം കൊടുക്കുന്നതിന് പുറമെ ചില ഭക്തർ കൽക്കണ്ടവും കുരുമുളകും നടയിലേക്കും നൽകാറുണ്ട്. തൊണ്ടവേദനയ്ക്കും ജലദോഷത്തിനുമുള്ള ഔഷധമായും പ്രസാദം സേവിക്കുന്നവരുണ്ട്. 40 വർഷത്തോളം കർമ്മിയായി വാവരുനടയിൽ ഉണ്ടായിരുന്ന മുസ്‌ലിയാർ രണ്ട് വർഷം മുമ്പാണ് മുഖ്യകർമ്മിയായത്. വാവരുടെ പിൻതലമുറക്കാർ എന്ന് കരുതപ്പെടുന്ന പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂർ വെട്ടിപ്പിലാക്കൽ കുടുംബാംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റിയാണ് വാവരുനടയിലെ മുഖ്യകർമിയെ തീരുമാനിക്കുന്നത്. വാവരുടേതെന്ന് കരുതുന്ന ഉടവാളും വാവരുനടയിൽ സൂക്ഷിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |