
കണ്ണൂർ: ചരിത്രപരമായി എൽ.ഡി.എഫിന് ആനൂകൂല്യമുള്ള പരിയാരം ഡിവിഷനിൽ വലിയ വെല്ലുവിളി ഉയർത്തുമെന്നതാണ് യു.ഡി.എഫിന്റെ അവകാശവാദം.നാല് ഗ്രാമപഞ്ചായത്തുകളിലെ .42 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഡിവിഷൻ.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് , പരിയാരം പഞ്ചായത്തിലെ 12 വാർഡുകൾ,ചപ്പാരപ്പടവ് പഞ്ചായത്തിലെ 13 വാർഡുകൾ, നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ വാർഡ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ.
ചപ്പാരപ്പടവ് പഞ്ചായത്ത് നിലവിൽ യു.ഡി.എഫ് ഭരണത്തിലാണ്. പരിയാരം പഞ്ചായത്തിലെ ചില വാർഡുകളിലും യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ട്.പരമ്പരാഗത എൽ.ഡി.എഫ് കേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ഇത്തവണ മാറ്റത്തിനുള്ള വോട്ടുചോദിച്ച് യു.ഡി.എഫ് ശക്തമായ പ്രചാരണത്തിലാണ്.
ഇവർ അങ്കത്തട്ടിൽ
ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശിയായ പി.രവീന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കർഷകസംഘം ആലക്കോട് ഏരിയ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ഇദ്ദേഹം ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കുന്നത്.മുസ്ലിം യൂത്ത് ലീഗ് കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ജംഷീർ ആലക്കാടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം സ്വദേശിയായ ഇദ്ദേഹം 2015ലും 2020ലും സി പി.എമ്മിന്റെ ശക്തികേന്ദ്രമായ സ്വന്തം വാർഡിൽ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ശ്രദ്ധേയനായിരുന്നു.എം.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി, ലഹരി നിർമാർജനസമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുൻ വ്യോമസേന ഉദ്യോഗസ്ഥനും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമായ ഗംഗാധരനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പികാങ്കോൽ പഞ്ചായത്ത് സെക്രട്ടറി, നിയോജകമണ്ഡല സെക്രട്ടറി, ജനറൽ സെക്രട്ടറി, ജില്ലാ സെൽ കോർഡിനേറ്റർ, പരമ്പരാഗത തൊഴിലാളി സംരക്ഷണ സംഘം ഡയറക്ടർ, പൂർവസൈനിക പരിഷത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എ.എ.പിയിലെ സാനിച്ചൻ മാത്യുവും മത്സരത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |