മുക്കം: കുടിയേറ്റക്കാർ കൂടുതലുള്ള തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ കേന്ദ്രവും കിഴക്കൻ മലയോരത്തിൻ്റെ കവാടവുമെന്ന നിലയിൽ പ്രശസ്തിയും പ്രാധാന്യവുമുള്ള മുക്കം നഗരസഭയുടെ ഭരണം ഏതു മുന്നണി പിടിച്ചെടുക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. രണ്ടര പതിറ്റാണ്ടായി മുക്കം എൽ.ഡി.എഫ് ഭരണത്തിലാണ്. 2015 മുതൽ നഗരസഭയുടെയും അതിനു മുമ്പ് പഞ്ചായത്തിൻ്റെയും ഭരണം നിയന്ത്രിച്ചത് എൽ.ഡി.എഫ്. ഇതിൽ അവസാനത്തെ അഞ്ചു വർഷം മുന്നണിക്കു പുറത്തു നിന്ന് ഒരംഗത്തെ കടമെടുത്തുണ്ടാക്കിയ ഭൂരിപക്ഷമുപയോഗിച്ചാണ് എൽ.ഡി.എഫ് ഭരണം നടത്തിയത്. മൂന്നംഗങ്ങളുള്ള വെൽഫെയർ പാർട്ടി ഉൾപ്പെട്ട യു.ഡി. എഫിന് 15 ഉം എൽ.ഡി.എഫിന് 15 ഉം അംഗങ്ങളാണുണ്ടായിരുന്നത്. ഇതാണ് പുറത്തുള്ള ഒരു സ്വതന്ത്രനെ ഉൾപ്പെടുത്തി ഭൂരിപക്ഷം തികച്ച് ഭരണം നിർവഹിക്കാൻ എൽ.ഡി.എഫിനെ നിർബന്ധിതമാക്കിയത്. വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ അവരുടെ ആറു സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 25 സീറ്റിലാണ് ബി.ജെ.പി (എൻ.ഡി.എ) മത്സരിക്കുന്നത്.
വാഗ്ദാനങ്ങൾ പാലിച്ച് ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ്
അഞ്ചു വർഷം മുമ്പ് പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങൾ ഏറെക്കുറെ പൂർണമായി പാലിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ജനവിധി തേടുന്നത്. മുക്കം നഗരവും നഗരസഭയിലെ പ്രധാന റോഡുകളും കാലോചിത നവീകരണം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.കാർഷിക മേഖലയും വളർച്ച നേടി. ശുചിത്വമിഷൻ്റെയും ഹരിത കർമ്മ സേനയുടെയും സേവനങ്ങൾ പ്രയോജനപ്പെടുത്തി മാലിന്യപ്രശ്നം പരിഹരിക്കുന്നു. പാർപ്പിട നിർമ്മാണത്തിൽ ദേശീയ അംഗീകാരം നേടി.സാമൂഹ്യ സുരക്ഷ മേഖലയിൽ ഭാവനാപൂർണ്ണമായ പദ്ധതികളിലൂടെ വൻ മുന്നേറ്റം നടത്തി.സാംസ്കാരിക രംഗത്ത് മാതൃകാപരമായ മുന്നേറ്റമുണ്ടായി. 'സേവനം വിരൽതുമ്പിൽ' എത്തുന്ന ആധുനിക യുഗത്തിലേയ്ക്കുള്ള ചുവടുവയ്പാണ് മുക്കം നഗരസഭയുടെ ഏറ്റവും വലിയ നേട്ടം.
പോരായ്മകൾ നിരത്തി കുറ്റപ്പെടുത്തലുമായി യു.ഡി.എഫ്.
കാൽ നൂറ്റാണ്ടായി പ്രാദേശിക സർക്കാരിനെ നിയന്ത്രിക്കുന്ന എൽ.ഡി.എഫ് നഗരസഭ ഓഫീസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ബിനാമി ഇടപാടുകളുടെയും ആസ്ഥാനമാക്കി മാറ്റി. 2015ലും 20 ലും ഇറക്കിയ പ്രകടനപത്രിക പരിശോധിച്ചാൽ ജനങ്ങൾ വഞ്ചിക്കപ്പെട്ടതിൻ്റെ പൂർണ ചിത്രം ലഭിക്കും. 87 നഗരസഭകളിൽ ഓഫീസ് സൗകര്യം ഏറ്റവും മോശമായ നഗരസഭ. ഇല്ലായ്മയുടെ വിവരണം ഇവിടെ ഒതുങ്ങുകയില്ല. ഇതിനെല്ലാം തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകാൻ കാത്തിരിക്കുകയാണ് ജനം.
വികസന വിരുദ്ധ നിലപാടിനെതിരെ ബി.ജെ.പി
എല്ലാ മേഖലയിലും തകർച്ചയാണെന്നും വികസന മുരടിപ്പിൻ്റെ പടുകുഴിയിലാണ് നമ്മളെന്നും ബി.ജെ.പി.
സമ്പദ് വ്യവസ്ഥ തകർന്നു, വ്യവസായങ്ങൾ പൂട്ടി, യുവാക്കൾ നാടുവിടുന്നു, വിലക്കയറ്റം സാധാരണക്കാരൻ്റെ നടുവൊടിക്കുന്നു, 'നമ്പർ വൺ ആരാേഗ്യ മോഡൽ' പൊള്ള, സുരക്ഷയില്ലാത്ത കാലം, എന്തിനും പ്രീണനം, അഴിമതി എന്നിങ്ങനെയാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ.ഇനി ബി.ജെ.പി മതിയെന്നും അവർ പറയുന്നു.
കക്ഷിനില
എൽ.ഡി.എഫ് (സി.പി.എം) - 15
യു ഡി എഫ് കോൺ. - 4
മുസ്‌ലിംലീഗ് - 8
വെൽഫെയർ - 3
ബി.ജെ.പി - 2
സ്വതന്ത്രൻ - 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |