
തൃശൂർ: റൂറൽ പൊലീസിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളിൽ അതിവേഗം നടപടി. നവംബറിൽ മാത്രം, 112 എന്ന ഹെൽപ്‌ലൈനിലേക്ക് ലഭിച്ച 572 സഹായാഭ്യർത്ഥനകളിലും അതിവേഗം ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ റൂറൽ പൊലീസിനായി. 5.09 മിനിറ്റെന്ന ശരാശരി പ്രതികരണ സമയത്തോടെ ഏതൊരു സഹായാഭ്യർത്ഥനയിലും പരമാവധി വേഗത്തിലാണ് അടിയന്തര നടപടി സ്വീകരിക്കുന്നത്. ഈ സംഭവങ്ങളിൽ 67 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സന്ദേശം അയയ്ക്കുന്ന ആൾക്കും ഇരയ്ക്കും പെട്ടെന്ന് കാര്യക്ഷമമായ സേവനം ലഭിക്കാനും പരാതി പൂർണമായും പരിഹരിക്കപ്പെടും വരെ ആവശ്യമായ പിന്തുണ നൽകാനും റൂറൽ പൊലീസിനായി.
പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ്...
പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് അടിയന്തര പ്രതികരണ സംവിധാനം. ലഭിക്കുന്ന സഹായാഭ്യർത്ഥനകൾ സംസ്ഥാനതല കൺട്രോൾ റൂമിൽ സ്വീകരിക്കുകയും അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂം വഴി അടിയന്തര സഹായം ആവശ്യമുള്ള സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പൊലീസ് വാഹനങ്ങളിലേക്ക് സന്ദേശം കൈമാറുകയുമാണ് ചെയ്യുക. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ പൊലീസ് ആസ്ഥാനത്ത് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) റൂറൽ ജില്ലയിലെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
തിരികെപിടിച്ച് 2.61 കോടി
സൈബർ തട്ടിപ്പിൽ നഷ്ടപ്പെടുന്ന പണം വേഗം തിരിച്ചുപിടിച്ച് നൽകുന്നതിലും റൂറൽ പൊലീസ് നേട്ടം കൈവരിച്ചു. 2024ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനായി സംസ്ഥാനതലത്തിൽ നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിലാണ് റൂറൽ പൊലീസ് ഒന്നാമതെത്തിയത്. ഈ കാലഘട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. നാല് മാസത്തിനിടെ റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പരാതികളിലുമായി നഷ്ടപ്പെട്ട പണത്തിൽ നിന്ന് 2,61,30,692 രൂപ തിരിച്ചുപിടിച്ച് നൽകാനായി. 1.10 കോടി റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ കേസുകളിലെ പണമാണ്.
പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കാനായി റൂറൽ ജില്ലാ പൊലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ മികവിന് പിന്നിൽ.
ബി.കൃഷ്ണകുമാർ
റൂറൽ ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |