'സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത് "
കോഴിക്കോട്: 10 വർഷത്തെ പിണറായി വിജയൻ സർക്കാരിൻറെ വികസനനേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുള്ള അർഹമായ പണം ലഭിക്കാതെയാണ് കേരളം ഇത്രയും നേട്ടമുണ്ടാക്കിയത്. 10 വർഷം കൊണ്ട് കിഫ്ബി 90,300 കോടി രൂപ ചിലവഴിച്ചു. പൊതുമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത് ശക്തിപകർന്നു. പി.എസ്.സി നിയമനങ്ങൾ ഏറ്റവും കൂടുതൽ നടന്നതും ലോഡ്ഷെഡിംഗ് ഉൾപ്പെടെ നിർത്തലാക്കിയതും ഇടത് സർക്കാരിൻറെ നേട്ടമാണ്. കുടിശ്ശികയില്ലാതെ ക്ഷേമപെൻഷൻ 2,000 രൂപയാക്കിയതും മാലിന്യ സംസ്കരണം ഉൾപ്പെടെ നല്ല രീതിയിൽ നടപ്പാക്കിയതും ജനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എം.പിമാർ ഇടപെടുന്നതിൽ തെറ്റില്ല
പി.എം ശ്രീയിൽ ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പാലമായി മാറിയെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എം.പിമാർ പിന്നെ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു ശ്രേയാംസ് കുമാറിൻറെ മറുപടി. പി.എം ശ്രീയുമായി ബന്ധപ്പെട്ട കാര്യത്തിലാവില്ല മറിച്ച് കേരളത്തിന് ലഭിക്കാനുള്ള മറ്റ് ഫണ്ടുകൾക്ക് വേണ്ടിയാവും അദ്ദേഹം ഇടപെട്ടിരിക്കുക. എം.പിമാർ കേന്ദ്രമന്ത്രിമാരെ കാണുന്നതിൽ തെറ്റൊന്നുമില്ല. കേരളത്തിന് തരാനുള്ള പണം എന്താണ് കേരളം തരാത്തതെന്നതാണ് ചോദ്യം. കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദമല്ല, വേണ്ടത് വികസനം
രാഹുൽ മാങ്കൂട്ടത്തിലിൻറെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതല്ല പ്രധാന വിഷയമെന്നായിരുന്നു ആർ.ജെ.ഡി അദ്ധ്യക്ഷൻറെ നിലപാട്. വിവാദമല്ല, സർക്കാരിൻറെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. ജെ.ഡി.എസിൻറെ നിലപാടാണ് ലയനത്തിന് തടസമായതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
ബി.ജെ.പി കേരളത്തിന് എന്ത് ചെയ്തു?
കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടതെല്ലാം കൊടുത്തിട്ടുണ്ടെന്ന രാജീവ് ചന്ദ്രശേഖറിൻറെ പ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് ബി.ജെ.പി കേരളത്തിന് വേണ്ടി എന്താണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. സാമുദായിക ഭിന്നതയുണ്ടാക്കിയാണ് ബി.ജെ.പി രാജ്യത്ത് ജയിക്കുന്നത്. പണ്ടൊക്കെ ബൂത്ത് കയ്യേറ്റം വേണമെങ്കിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം മതിയല്ലോയെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |