
തൃശൂർ: നട്ടുകഴിഞ്ഞാൽ തിരിഞ്ഞുനോക്കേണ്ട, പരിപാലനച്ചെലവ് തുച്ഛം, കീടബാധയില്ല... മുള വളർത്തിയാൽ കീശനിറയ്ക്കാം. മുളയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിനിടെ വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആർ.ഐ) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം കൈമാറിയതോടെ മുള ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സാദ്ധ്യതയേറുന്നു. ശാസ്ത്രീയ അറിവുകൾ പരസ്പരം പങ്കിടാനാണ് ദീർഘകാല ധാരണാപത്രം.
മുള സംസ്‌കരണം, കരകൗശല ഫർണിച്ചർ ഉത്പാദനം, ഉത്പന്നങ്ങളുടെ രൂപകൽപ്പന, ആധുനിക സംസ്‌കരണ രീതികൾ എന്നിവയിൽ പരിശീലനം നൽകി വരുമാനമുറപ്പാക്കുകയാണ് ലക്ഷ്യം. ഒഡീഷയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഉയർന്ന ഇനങ്ങൾക്കായുള്ള നഴ്‌സറി രീതികൾ, സൂക്ഷ്മ ഉത്പാദനരീതികൾ എന്നിവയിലെ അറിവ് പങ്കിടാനാകും.
ഒഡീഷയിലെ പരിസ്ഥിതിമന്ത്രി ഗണേഷ് റാം ഷിൻകുന്തിയുടെ സാന്നിദ്ധ്യത്തിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാര്യരും ഒഡീഷ ബാംബൂ വികസന ഏജൻസി മിഷൻ ഡയറക്ടർ വി.കാർത്തികുമാണ് ധാരണാപത്രം കൈമാറിയത്.
അരയേക്കറിൽ ലക്ഷം വരുമാനം
അരയേക്കറിൽ നൂറിലേറെ മുളകൾ നടാം. കെ.എഫ്.ആർ.ഐയിൽ നിന്നും മുളകൾ ലഭിക്കും. മൂന്ന് വർഷത്തിനുശേഷം വിളവെടുക്കാം. ഒരു മുളയ്ക്ക് കുറഞ്ഞത് നൂറ് രൂപ ലഭിക്കും. ലക്ഷത്തോളം വരുമാനവും കിട്ടും. 50 വർഷം വരെ വിളവെടുക്കാവുന്ന ഇനങ്ങളുണ്ട്. പേപ്പർ പൾപ്പിനും അലങ്കാരത്തിനും ഫർണിച്ചറിനും ഡിമാൻഡ് കൂടിയിട്ടുമുണ്ട്. കരാറുകാർ വഴി വിൽക്കാം. അഗർബത്തി നിർമ്മാണത്തിനും മുള ഉപയോഗിക്കുന്നുണ്ടെന്ന് കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി.ബി.ശ്രീകുമാർ പറയുന്നു. ലാത്തിമുള, ആസ്പർ, ബിലാത്തിമുള, സ്റ്റോക്‌സി, ടൂൾഡ, ആനമുള തുടങ്ങിയവ കേരളത്തിന് അനുയോജ്യമാണ്.
മണ്ണിന്റെ കൂട്ടുകാരൻ, വായുവിന്റെയും
മുളകൾ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടും.
മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിട്ട് മണ്ണിടിച്ചിലും പ്രളയവുമെല്ലാം ഒരു പരിധിവരെ തടയും.
ഉരുൾപൊട്ടൽ സാദ്ധ്യത കുറയ്ക്കാനും നദീതീരം ഇടിയുന്നതിനെ തടയാനുമാകും.
ഖരമാലിന്യങ്ങളും ഹാനികരമായ മൂലകങ്ങളുമുള്ള വെള്ളത്തെ ശുദ്ധീകരിക്കും.
മുള്ള് മുളകൾ കാട്ടിനുള്ളിൽ നട്ടുപിടിപ്പിച്ചാൽ കാട്ടാനശല്യം കുറയും.
ഒഡീഷയുമായി സാങ്കേതികവിദ്യ കൈമാറുന്നതോടെ വ്യത്യസ്ത മുള ഇനങ്ങളുടെ ഗുണ നിലവാരം, ഈട്, വിപണി, മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്താനാകും.
-ഡോ. കണ്ണൻ സി.എസ്.വാര്യർ,
ഡയറക്ടർ, കെ.എഫ്.ആർ.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |