കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ തിളക്കമുള്ള വിജയം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തവണ നഗരസഭകളിലും ഇടതുപക്ഷം മേൽക്കോയ്മ നേടുമെന്നും കോഴിക്കോട് പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് സർക്കാരിൻറെ ഭരണത്തിനുള്ള വിലയിരുത്തലാവുമെന്ന് പറയാൻ സി.പി.ഐക്ക് മടിയില്ല. എൽ.ഡി.എഫിലെ ഐക്യവും വിജയത്തിൻറെ ഒരു ഘടകമാവും. ഇത് മനസിലാക്കി യു.ഡി.എഫും ബി.ജെ.പിയും പഴയ ബേപ്പൂർ- വടകര മോഡൽ കോലീബി സഖ്യത്തിന് ഒരുങ്ങുകയാണ്. ഇലക്ഷൻ വന്നാൽ ഇ.ഡി വരുമെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ബി.ജെ.പി ഇ.ഡിയെ ഇറക്കിയിട്ടൊന്നും കേരളത്തിൽ ജയിക്കാമെന്ന് കരുതേണ്ട. കേന്ദ്രം കേരളത്തിന് തരാനുള്ള അർഹമായ ആനുകൂല്ല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സംസ്ഥാനം ഇപ്പോൾ നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയം മാത്രമേ ചർച്ചയാക്കാവൂ എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒരു ചതുർമുഖ പാർട്ടിയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച ചോദ്യത്തിന് കേരളത്തെ പോലെ പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു സംസ്ഥാനത്ത് ഇത്തരം ചർച്ചകളുണ്ടാകുന്നത് നിലവാര തകർച്ചയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദേവസ്വം ബോർഡിൽ എന്നല്ല ഒരു ബോർഡിലെയും സി.പി.ഐ അംഗങ്ങൾ അഴിമതി നടത്തരുത്. നടത്തിയെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടിയെടുക്കും. ഇടതുപക്ഷ ആശയത്തിൽ വെള്ളം ചേർക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, പ്രസ്‌ക്ലബ് പ്രസിഡൻറ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |