
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മറ്റൊരു യുവനേതാവിനും കൈവരിക്കാൻ കഴിയാത്ത സ്വപ്നതുല്യമായ വളർച്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. തകർച്ചയും അതേപോലെ അപ്രതീക്ഷിതം. ഉന്നതങ്ങളിലെത്താൻ പ്രാപ്തനെന്ന് സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികൾ പോലും വിലയിരുത്തിയ ചുറുചുറുക്കിനാണ് കാലിടറിയത്.
വാക്ചാതുരിയായിരുന്നു ഏറ്റവും വലിയ കരുത്ത്. ചാനൽ ചർച്ചകളിൽ വസ്തുതാപരമായ രാഷ്ട്രീയ വാദമുഖങ്ങൾ കൊണ്ട് എതിരാളികളെ നിലംപരിശാക്കുന്നത് പതിവായതോടെ പൊതുസമൂഹത്തിൽ താരപരിവേഷം കൈവന്നു. അതായിരുന്നു പിന്നീടുള്ള രാഷ്ട്രീയ വളർച്ചയുടെ കാതൽ. പാരമ്പര്യത്തിന്റെ പിൻബലത്തിലല്ല, രാഷ്ട്രീയ പ്രവേശം. അടൂർ തപോവൻ സ്കൂളിലും പന്തളം സെന്റ് ജോൺസ് പബ്ളിക് സ്കൂളിലും വിദ്യാർത്ഥിയായിരിക്കേ, പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. 2006ൽ പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെത്തിയതോടെയാണ് കെ.എസ്.യുവിന്റെ ഓരം പറ്റി സംഘടനാ പ്രവർത്തനത്തിനിറങ്ങുന്നത്. 2009 മുതൽ 2017 വരെ കെ.എസ്. യു ജില്ലാ സെക്രട്ടറി, 2017ൽ ജില്ലാ പ്രസിഡന്റ് , തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി.2018-ൽ എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി.
മികച്ച പ്രാസംഗികൻ എന്ന പേരോടെ 2020 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി പദത്തിലെത്തി. ഇതേ വർഷം തന്നെ കെ പി സി സി അംഗവുമായി. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി 2023-ൽ രാജിവച്ചപ്പോൾ പകരക്കാരനായി. സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കിയെന്ന ആരോപണം വിജയത്തിൽ തെല്ലു ചെളി തെറിപ്പിച്ചെങ്കിലും തുടർന്നുള്ള ഉയർച്ച ആ കളങ്കം അപ്രസക്തമാക്കി. സമരമുഖങ്ങളിൽ മുന്നണിപ്പോരാളിയായതോടെ എതിർത്തിരുന്നവർപോലും അനുയായികളായി. പൊലീസ് മർദ്ദനവും ലോക്കപ്പും കരുത്ത് കൂട്ടി.
പിന്മുറക്കാരനായത്
യാദൃച്ഛികമല്ല
ലോക് സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ തന്നെ പിന്മുറക്കാരനായത് യാദൃച്ഛികമായിരുന്നില്ല. ഷാഫിയുടെ നിർബന്ധത്തിനു വഴങ്ങി രാഹുലിലേക്ക് സ്ഥാനാർത്ഥിത്വം എത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുഗ്രഹവും ഉണ്ടായിരുന്നു. രാഹുലിന്റെ പത്തരമാറ്റ് വിജയ തിളക്കത്തിന്, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ.പി.സരിൻ എന്ന നേതാവിന്റെ കണ്ണുനീരിന്റെ നനവുമുണ്ടായിരുന്നു. കോൺഗ്രസ് വിട്ട പി.സരിനെ സി.പി.എം എതിർ സ്ഥാനാർത്ഥിയാക്കിയെങ്കിലും 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിച്ചു. 2024 ഡിസംബർ നാലിന് നിയമസഭയിൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുലിന് കൃത്യം ഒരു വർഷത്തിന് ശേഷം 2025 ഡിസംബർ നാലിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വന്നത് യാദൃച്ഛികം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |